നിതീഷ് കുമാറിനെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണം: ആർജെഡി

Mail This Article
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആർജെഡി. അടുത്ത പ്രധാനമന്ത്രി ബിഹാറിൽ നിന്നാകണമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രി പദത്തിനു സർവഥാ യോഗ്യനാണെന്നും ആർജെഡി വക്താവ് ഭായി വീരേന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസം ആർജെഡി അധ്യക്ഷൻ ലാലു യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ചതിനു ശേഷമാണ് ആർജെഡി നിലപാടു പരസ്യമാക്കിയത്.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നു ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സഖ്യകക്ഷിയായ ആർജെഡി നേതൃത്വവും നിതീഷിനു പിന്തുണ പ്രഖ്യാപിച്ചതോടെ ‘ഇന്ത്യ’ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വ ചർച്ച സജീവമാകും.
വിശാല പ്രതിപക്ഷ മുന്നണി രൂപീകരണത്തിനു മുൻകയ്യെടുത്തു പട്നയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് നിതീഷ് കുമാറായിരുന്നു. പക്ഷേ തുടർന്നുള്ള നേതൃയോഗങ്ങളിൽ മുന്നണിയുടെ കടിഞ്ഞാൺ കോൺഗ്രസ് നേതൃത്വം കയ്യടക്കിയെന്ന വിലയിരുത്തലുണ്ട്.
മുന്നണി കൺവീനർ സ്ഥാനം നിതീഷ് കുമാറിനു ലഭിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും മുന്നണിക്ക് ഏകോപന സമിതിയെന്ന സംവിധാനമാണ് രൂപമെടുത്തത്. ഏകോപന സമിതിയിൽ നിതീഷ് കുമാറിനു പകരം ജെഡിയു അധ്യക്ഷൻ ലലൻ സിങിനെയാണ് പാർട്ടി പ്രതിനിധിയാക്കിയത്.
‘ഇന്ത്യ’ മുന്നണിയുടെ സീറ്റു വിഭജന ചർച്ചകൾ സംസ്ഥാനാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ് ജെഡിയു – ആർജെഡി കക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ തീരുമാനം ഉടനുണ്ടാകണമെന്ന നിലപാടു സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തോടു വിയോജിപ്പു പരസ്യമാക്കിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയും നിതീഷ് കുമാർ പ്രതീക്ഷിക്കുന്നുണ്ട്.
English Summary: Nitish Kumar has all the qualifications to become PM RJD