മരുന്ന് മാറി കുത്തിവച്ചു, യുപിയിൽ പതിനേഴുകാരി മരിച്ചു; മൃതദേഹം ബൈക്കിൽ കൊണ്ടുവന്ന് തള്ളി

Mail This Article
ലക്നൗ∙ ഉത്തർപ്രദേശിൽ മരുന്നു മാറി കുത്തിവച്ച പതിനേഴുകാരി മരിച്ചുവെന്നു പരാതി. പെൺകുട്ടിയുടെ ജഡം ആശുപത്രി ജീവനക്കാർ ബൈക്കിൽ കൊണ്ടുവന്ന് തള്ളി രക്ഷപ്പെട്ടുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുവരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ ഡോക്ടറും ആശുപത്രി ജീവനക്കാരും രക്ഷപ്പെട്ടു.
കർഹാൽ റോഡിലെ രാധസ്വാമി ആശുപത്രിയിൽ വച്ചാണ് ഭാരതി എന്ന പെൺകുട്ടി മരിച്ചത്. ചൊവ്വാഴ്ചയാണ് ഭാരതിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വരെ ഭാരതിക്ക് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധു പറഞ്ഞു. ഇൻജക്ഷൻ നൽകിയതോടെയാണ് ആരോഗ്യസ്ഥിതി വഷളായത്. തുടർന്ന് ഭാരതിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനകം തന്നെ മരണം സംഭവിച്ചുവെന്ന് ബന്ധു ആരോപിച്ചു.
സംഭവത്തെത്തുടർന്ന് ചീഫ് മെഡിക്കൽ ഓഫിസർ ആശുപത്രി സീൽ ചെയ്തു. ഉദ്യോഗസ്ഥർ എത്തുമ്പോൾ ആശുപത്രിയിൽ അധികൃതരാരും ഉണ്ടായിരുന്നില്ലെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.
English Summary: UP Girl Dies After Wrong Injection