ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു നിയമനത്തിനായി കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തിൽ ഇടനിലക്കാരൻ അഖിൽ സജീവിനെ പ്രതിചേർക്കും. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള അഖിൽ മാത്യുവിന്റെ പരാതിയിൽ ഹരിദാസന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് അഖിൽ സജീവിനെതിരെ കേസെടുക്കുന്നത്.  

അഖിൽ  സജീവുമായി ബന്ധമുള്ള കോഴിക്കോട് സ്വദേശി ലെനിനോട് മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ പൊലീസ് നിർദേശിച്ചിട്ടുണ്ട്. അഖിൽ സജീവ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഹോമിയോ ഡോക്ടർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖിൽ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകി. അഡ്വാൻസായി തുക നൽകിയെങ്കിലും നിയമനം നടക്കാത്തതിനാൽ ഹരിദാസൻ ഏപ്രിൽ 9ന് തിരുവനന്തപുരത്തെത്തി. 10ന് സെക്രട്ടേറിയറ്റിന് പുറത്തുവച്ച് അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷംരൂപ നൽകിയെന്നുമാണ് ഹരിദാസന്‍ പറയുന്നത്. അഖിൽ സജീവ് ഒരു തവണയാണ് അഖിൽ മാത്യുവിന്റെ ഫോട്ടോ ഹരിദാസനെ കാണിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിൽവച്ച് കണ്ടത് അഖിൽമാത്യുവാണോ എന്ന് ഹരിദാസന് ഉറപ്പില്ല. അയാളാണെന്ന വിശ്വാസത്തിലാണ് പണം നൽകിയതെന്നു ഹരിദാസൻ പറയുന്നു. മറ്റൊരാളെ കാണിച്ച് അഖിൽ സജീവ് തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. 

അഖിൽ മാത്യുവിനെ ഹരിദാസൻ കണ്ടിട്ടില്ലെന്നാണ് ഫോൺ പരിശോധിച്ചപ്പോൾ പൊലീസിനു മനസിലായത്. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കാൻ പൊലീസ് കത്തു നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലാണ് വീണാ ജോർജിന്റെ ഓഫിസ്. ഈ കെട്ടിടത്തിൽ 100 സിസിടിവികൾ സ്ഥാപിച്ചിട്ടുള്ളതായി പൊതുഭരണ വകുപ്പ് പറയുന്നു. ഏപ്രിൽ 9, 10 തീയതികളിൽ സെക്രട്ടേറിയറ്റിൽ അഖിൽ മാത്യുവിനെ കാണാനെത്തിയെന്നാണ് ഹരിദാസന്റെ മൊഴി. സിസിടിവി പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും.

English Summary:Bribe allegation against Personal Staff of Minister Veena George, Case against Mediator Akhil Sajeev

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com