ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനകോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളിൽ ആരോപണ വിധേയനായ സ്റ്റാഫ് അഖിൽ മാത്യു ഇല്ല. സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. പൊതുഭരണ വകുപ്പിലെത്തിയാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്.

സെക്രട്ടേറിയറ്റിലെ അനക്സ് 2ൽ എത്തിയാണ് പൊലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചത്. പരാതിയിൽ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നൽകുന്ന ദൃശ്യങ്ങളും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഹരിദാസും ബാസിദും ഒരുമണിക്കൂർ നേരം ഇവിടെ ചിലവഴിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ ദൃശ്യങ്ങളിലേക്ക് എത്തുന്നില്ല. പരാതിയിൽ ഉന്നയിക്കുന്നതു പോലെ പണം കൈമാറുന്ന ദൃശ്യങ്ങളും ഇല്ല. മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച ശേഷമായിരിക്കും അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് 500 രൂപയുടെ നോട്ടുകൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഒരുലക്ഷം രൂപ മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യുവിന് കൈമാറി എന്നായിരുന്നു ഹരിദാസിന്റെ പരാതി. ഏപ്രിൽ പത്തിനു പണം കൈമാറി എന്നായിരുന്നു കന്റോൺമെന്റ് സ്റ്റേഷനിൽ ഹരിദാസ് നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പൊതുഭരണ വകുപ്പിനു കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.

English Summary: CCTV Footage Examined In Connection With The Alleged Recruitment Scandal In The Health Minister's Office

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com