പഞ്ചാബിൽ ‘റെയിൽ-റോക്കോ’ പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ, ബാധിച്ചത് 600 ഓളം ട്രെയിനുകളെ

Mail This Article
ന്യൂഡൽഹി∙ വിവിധ ആവശ്യങ്ങളുന്നയിച്ചു പഞ്ചാബിൽ കർഷകർ നടത്തിയ മൂന്നദിവസം നീണ്ട ‘റെയിൽ-റോക്കോ’ പ്രതിഷേധം അവസാനിപ്പിച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും 600 ഓളം ട്രെയിനുകളെയാണു ഉപരോധം ബാധിച്ചത്. ഫരിദ്കോട്ട്, സംറല, മോഗ, ജലന്ധർ, ഗുരുദസ്പുർ തുടങ്ങി നിരവധി സ്ഥലങ്ങളിലെ റെയിൽവേ ട്രാക്കുകൾ കർഷകർ ഉപരോധിച്ചു. ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലതു വഴിതിരിച്ചുവിടുകയുമായിരുന്നു. ഇതേതുടർന്നു നൂറുകണക്കിനു യാത്രക്കാരാണു പഞ്ചാബിലും ഹരിയാനയിലും കുടുങ്ങിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണു കർഷകർ ഉപരോധം ആരംഭിച്ചത്. മൂന്നു ദിവസം നീണ്ട ഉപരോധത്തിൽ നിരവധി കർഷക സംഘടനങ്ങൾ പങ്കെടുക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ നശിച്ച വിളകൾക്കു നഷ്ടപരിഹാരം, 50,000 കോടിയുടെ പ്രളയദുരിതാശ്വാസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക്, വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ മരിച്ച ഓരോ കർഷകന്റെയും കുടുംബക്കാർക്കു സർക്കാർ ജോലിയും 10 ലക്ഷം രൂപയും നൽകണം, മിനിമം താങ്ങുവിലയിൽ ഉറപ്പ്, കടം എഴുതി തള്ളുക എന്നിവയായിരുന്നു കർഷകരുടെ പ്രധാന ആവശ്യങ്ങൾ.
English Summary: Farmers Rail Roko protest ended in Punjab