‘ബിജെപി ഗോഡ്സെയുടെ ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണ്, കോൺഗ്രസ് മഹാത്മാഗാന്ധിയുടെയും’
Mail This Article
ഭോപ്പാൽ∙ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെയുടെ ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് ബിജെപി എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന ‘ജൻ ആക്രോഷ്’ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
‘‘ഇത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഒരു വശത്ത് കോൺഗ്രസും മറുവശത്ത് ആർഎസ്എസും ബിജെപിയും. ഒരുവശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ഗോഡ്സേയുമാണ്.’’– രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നത് വെറുപ്പും സ്നേഹവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘അവർ എവിടെയെല്ലാം പോകുന്നു അവിടെ എല്ലാം വെറുപ്പും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. ഇപ്പോൾ മധ്യപ്രദേശിലെ കർഷകരും യുവാക്കളും അവരെ വെറുക്കാൻ തുടങ്ങി. എന്താണോ അവർ ജനങ്ങൾക്കു നൽകിയത് അത് അവർക്കു തിരികെ ലഭിക്കാൻ തുടങ്ങിയിരിക്കുന്നു.’’– രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി കർഷകരുമായി സംസാരിച്ചിരുന്നതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ‘‘മധ്യപ്രദേശിൽ 370 കിലോമീറ്ററോളം ഞങ്ങൾ യാത്രചെയ്തു. നിരവധി കർഷകരുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകളും ചെറുപ്പക്കാരുമായും ചർച്ച നടത്തി. അവർ എന്നോട് ചിലകാര്യങ്ങൾ പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം അഴിമതിയാണ് ബിജെപി മധ്യപ്രദേശിൽ നടത്തുന്നത്.’’– രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്ക് അവരുടെ അധ്വാനത്തിന് അർഹിച്ച പ്രതിഫലം ലഭിക്കുന്നില്ല. ഞങ്ങൾ കർഷകർക്ക് 2500 രൂപ നൽകുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
English Summary: Rahul Gandhi hits out against RSS And BJP