‘അവന് കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലണം’; ഉജ്ജയിന്‍ സംഭവത്തില്‍ പ്രതിയുടെ പിതാവ്

Mail This Article
ഉജ്ജയിൻ∙ മധ്യപ്രദേശിലെ ഉജ്‌ജയിനിൽ പന്ത്രണ്ടു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രധാന പ്രതി ഭരത് സോണി കുറ്റക്കാരനെങ്കിൽ തൂക്കിക്കൊല്ലണമെന്ന് പ്രതിയുടെ മാതാപിതാക്കൾ. മകൻ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ, അവന് സമൂഹത്തിൽ ജീവിക്കാൻ അവകാശമില്ല. കുറ്റം ആവർത്തിക്കാതിരിക്കാൻ ഇത്തരം ശിക്ഷയാണ് വേണ്ടതെന്നും പ്രതിയുടെ പിതാവ് പറഞ്ഞു. പക്ഷെ അവന്‍ ആ പെണ്‍കുട്ടിയോട് അങ്ങനെ ചെയ്തുവെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ കുറ്റവാളികളെ സഹായിച്ചിരിക്കാം. കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്തത്. അവനെ കാണാന്‍ ഞാന്‍ ആശുപത്രിയില്‍ പോലും പോയില്ല. പൊലീസ് സ്‌റ്റേഷനിലോ കോടതിയിലോ പോകാന്‍ ഉദ്ദേശിക്കുന്നില്ല.- പിതാവ് പറഞ്ഞു. അതേസമയം, മകന്‍ തെറ്റായി ഒന്നും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സോണിയുടെ മാതാവ് പറഞ്ഞു. ഭരത് സോണിക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകരുതെന്ന് ഉജ്ജയിന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അശോക് യാദവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലിൽ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാർ ആട്ടിപ്പായിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. പെൺകുട്ടി അർധന്ഗനയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബാഗ്‌നഗർ റോഡിലെ സിസിടിവിയിൽനിന്നായിരുന്നു ദൃശ്യം ലഭിച്ചത്. പെൺകുട്ടി ശസ്ത്രക്രിയയ്‌ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി മൂത്ത സഹോദരനും മുത്തച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ഡ്രൈവർ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞത്.
English Summary: Ujjain rape case accused's parents seek death penalty for son