നിയന്ത്രണം വിട്ട കൺട്രോൾറൂം വാഹനം പോസ്റ്റിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം പാളയത്ത് കണ്‍ട്രോൾ റൂം വാഹനം അപകടത്തിൽപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നിയന്ത്രണം വിട്ട കൺട്രോൺ റൂം വാഹനം പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. കൺട്രോൾ റൂം ഉദ്യോഗസ്ഥാനായ അജയ്കുമാറാണ് മരിച്ചത്. മൂന്നു പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രാവിലെ ആറുമണിയോടെ എകെജി സെന്ററിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഡിവൈഡറിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റിന്റെ പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രാത്രി പട്രോളിങ് കഴിഞ്ഞ് ഇന്ധനം നിറയ്ക്കുന്നതിനായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുൻപിലിരുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. പിറകിലിരുന്ന അജയ് കുമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.അപകടത്തിൽ അജയ്കുമാറിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരുക്കേറ്റിരുന്നു. പൊലീസുകാരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അജയ്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.
English Summary: A police Officer Died In An Accident Involving A Control Room Vehicle At Palayam, Thiruvananthapuram