ഛത്രപതി ശിവജിയുടെ ‘പുലിനഖം’ ഇന്ത്യയിൽ തിരിച്ചെത്തിക്കും; മഹാരാഷ്ട്ര മന്ത്രി ലണ്ടനിലേക്ക്

Mail This Article
മുംബൈ∙ ഛത്രപതി ശിവജിയുടെ ആയുധമായിരുന്ന പുലിനഖം ഇന്ത്യയിൽ തിരിച്ചെത്തിക്കും. നവംബറിൽ ലണ്ടനിലെ മ്യൂസിയത്തിൽനിന്നു പുലിനഖം മഹാരാഷ്ട്രയിൽ എത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ അറിയിച്ചു. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് പുലിനഖം മൂന്നു വര്‍ഷമായുള്ളത്. മ്യൂസിയവുമായി ആയുധം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനു മന്ത്രി ചൊവ്വാഴ്ച ലണ്ടനിലെത്തും.
1659ല്‍ ബീജാപൂര്‍ സുല്‍ത്താനേറ്റിനെ പരാജയപ്പെടുത്താനായി ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികമാണ് ഈ വർഷം. പുലിനഖമെത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക. 1659ലെ പ്രതാപ്ഗഡ് യുദ്ധം മറാഠ ഭരണത്തിനു നിര്‍ണായക അടിത്തറയേകിയ യുദ്ധമായിരുന്നു.
ഇന്നത്തെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വധിച്ചത്. പാരമ്പര്യത്തനിമയുടെയും സാംസ്കാരികമേന്മയുടെയും ഭാഗമാണ് ഇവിടം. അഫ്സൽ ഖാൻ ശിവാജി മഹാരാജിനെ പുറകിലൂടെ കുത്തിയപ്പോള്‍ അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് പുലിനഖം ഉപയോഗിച്ചു എന്നാണ് ചരിത്രം.
അതേസമയം, പുലിനഖത്തിന്റെ ആധികാരികത സംബന്ധിച്ച് തർക്കമുണ്ട്. ഛത്രപതി ശിവജി ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം വെബ്‌സൈറ്റിൽ പറയുന്നതായി ചരിത്ര വിദഗ്ധൻ ഇന്ദർജിത് സാവന്ത് ചൂണ്ടിക്കാട്ടി. ശിവസേന (ഉദ്ധവ്) നേതാവ് ഉദ്ധവ് താക്കറെയും പുലിനഖത്തിന്റെ ആധികാരികത ചോദ്യം ചെയ്തു.
English Summary: After 350 Years, Chhatrapati Shivaji's 'Tiger Claw' Set For India Return