ഇരുട്ടിന്റെ മറവിൽ കള്ളന്മാർ കൈക്കലാക്കിയത് 20 കോടി; ചുറ്റികയ്ക്കും കട്ടറിനും ചെലവ് 1,400 രൂപ!

Mail This Article
ന്യൂഡൽഹി ∙ ജ്വല്ലറിയിൽനിന്ന് 20 കോടി രൂപയുടെ സ്വർണ–വജ്രാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ മോഷ്‌ടാക്കൾക്ക് ആകെ ചെലവായത് 1,400 രൂപ. ചാന്ദ്നിചൗക്കിൽ നിന്നുവാങ്ങിയ 100 രൂപയുടെ ചുറ്റികയും 1,300 രൂപയുടെ ഡിസ്‌ക് കട്ടറും ഉപയോഗിച്ചായിരുന്നു അടുത്തകാലത്ത് ഡൽഹി കണ്ട എറ്റവുംവലിയ മോഷണമെന്നു പൊലീസ് പറഞ്ഞു.
സൗത്ത് ഡൽഹി ജങ്‌പുരയിലെ ഉമ്രാവ് സിങ് ജ്വല്ലറിയിൽ സെപ്റ്റംബർ 24നായിരുന്നു കവർച്ച. സംഭവത്തിൽ ഛത്തീസ്‌ഗഡിലെ ബിലാസ്‌പുരിൽനിന്ന് പ്രതികളായ ലോകേഷ് ശ്രീവാസ്, ശിവ ചന്ദ്രവംശി എന്നിവരെ ബിലാസ്‌പുർ സിറ്റി പൊലീസ് പിടികൂടി. 24ന് രാത്രി സമീപത്തെ കെട്ടിടത്തിൽ നിന്നാണ് ഇവർ ജ്വല്ലറിയിലേക്ക് കയറിയത്. രാത്രി മുഴുവൻ അവിടെ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ മോഷ്‌ടിച്ച ശേഷമാണ് ഇരുവരും സ്ട്രോങ്‌റൂമിലേക്ക് എത്തിയത്.
സിസിടിവി ക്യാമറകൾ നശിപ്പിച്ചിച്ച ശേഷം സ്ട്രോങ് റൂമിന്റെ ഭിത്തിയിൽ ഡ്രിൽ ചെയ്ത് ദ്വാരം ഉണ്ടാക്കിയായിരുന്നു കവർച്ച. സെപ്‌റ്റംബർ 21 മുതൽ 24 വരെ ചാന്ദ്നി ചൗക്കിലെ രാജധാനി ഗെസ്റ്റ് ഹൗസിൽ ലോകേഷ് താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കവർച്ച നടന്ന് ഒരു ദിവസം കഴിഞ്ഞ് സമീപത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇയാളുടെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുകയായിരുന്നു.
English Summary:Rs 100 Hammer, Rs 1,300 Disc Cutter: Tools Used In Rs 20 Crore Delhi Heist