ADVERTISEMENT

ഭോപാൽ ∙ ബിഹാറിലെ നിതീഷ് കുമാര്‍ സർക്കാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ, പ്രതിപക്ഷം ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലിരുന്നപ്പോൾ  വികസനം കൊണ്ടുവരുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടെന്നും ഇപ്പോൾ പാവങ്ങളുടെ വികാരംവച്ച് കളിക്കുകയാണെ‌ന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ പൊതുപരിപാടിയിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘അവർ മുൻപും പാവങ്ങളുടെ വികാരംവച്ച് കളിക്കുകയായിരുന്നു. ഇന്നും അതു തുടരുന്നു. മുൻപു ചെയ്തതുപോലെ ഇപ്പോഴും ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു. നേരത്തെ അഴിമതിക്കാരായിരുന്ന അവർ ഇപ്പോൾ കൂടുതൽ അഴിമതി കാണിക്കുന്നു’’– ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിനെയും മധ്യപ്രദേശിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും വിമർശിച്ച് മോദി പറഞ്ഞു. ഈ വർഷം ഒടുവിൽ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാൽ, മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ബിഹാർ സർക്കാര്‍ റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്രം തയാറാവണമെന്ന് രാഹുല്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചിരുന്നു. സാമൂഹ്യശാക്തീകരണം ഉറപ്പാക്കാൻ ഇത്തരത്തിലുള്ള സെൻസസ് അനിവാര്യമാണ്. യുപിഎ സർക്കാർ സെൻസസ് പൂർത്തിയാക്കിയിരുന്നെങ്കിലും, റിപ്പോര്‍ട്ട് പുറത്തുവിടാൻ മോദി സർക്കാർ തയാറായില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ജാതി സെൻസസ് റിപ്പോർട്ട് ബിഹാർ സർക്കാർ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36% അതിപിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നു റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലായി പറയുന്നു. 27.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരുമാണെന്നു സെൻസസ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 81.99% ഹിന്ദുക്കളാണ്.

മുസ്‌ലിം ജനസംഖ്യ 17.7% ആണ്. പട്ടികവർഗം 19.65%, യാദവ വിഭാഗം 14%, മുസാഹർ 3%, ബ്രാഹ്മണർ 3.65%, ക്രിസ്ത്യാനികൾ 0.05%, സിഖ് വിശ്വാസികൾ 0.01%, ബുദ്ധമത വിശ്വാസികൾ 0.08%, മറ്റു മതവിശ്വാസികൾ എല്ലാവരും കൂടി 0.12% എന്നിങ്ങനെയുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആകെ 38 ജില്ലകളുള്ള ബിഹാറിന്റെ ജനസംഖ്യ 12.7 കോടിയാണ്. അതിപിന്നാക്ക, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവർ ആകെ ബിഹാർ ജനസംഖ്യയുടെ 63% വരും.

English Summary: "Trying To Divide Country...": PM After Bihar Releases Caste Survey Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com