ADVERTISEMENT

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ വിമർശനം. ധനകാര്യ ഇടപാടുകൾ നടത്തുന്ന സ്ഥലത്തു കുറ്റകൃത്യം ചെയ്താൽ നടപടിയെടുക്കണമെന്നും അതിന് ആർക്കാണ് തർക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു. 

‘‘ഇപ്പോ നിങ്ങളുടെ ജില്ലയിൽ ഒരു ബാ‌ങ്കുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിവിയിലുള്ളത്. ടിവി തുറന്നാൽ കരുവന്നൂർ മാത്രമാണ്. ലോകപ്രശസ്തമായ സ്ഥലമാണ് എന്നപോലെയാണിത്. സഹകരണ ബാങ്കുകൾ ആയാലും ദേശസാൽകൃത ബാങ്കുകൾ ആയാലും സ്വകാര്യ ബാങ്കുകൾ ആയാലും ധനകാര്യ ഇടപാടു നടത്തുന്ന സ്ഥലങ്ങളിൽ ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ അവരുടെ പേരിൽ നടപടി സ്വീകരിക്കണം. ആർക്കാണതിൽ തർക്കമുള്ളത്. 

ഏതു പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല നടപടിയെടുക്കേണ്ടത്. സഹകരണ ബാങ്കുകൾക്കു പ്രവർത്തിക്കാൻ സഹകരണനിയമങ്ങളും ചട്ടങ്ങളുമുണ്ട്. ആ ചട്ടത്തിനു വിരുദ്ധമായി ആരു പ്രവർത്തിച്ചാലും ആ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ആർക്കാണ് അതിൽ അഭിപ്രായവ്യത്യാസം. ആരാണ് കുറ്റക്കാരെ സംരക്ഷിക്കുന്നത്. ഇപ്പോൾ അന്വേഷണത്തിനു വന്ന ഇഡിയും ഈ പറയുന്ന ഉദ്യോഗസ്ഥൻമാരുമൊക്കെ വരുന്നതിനു ഒരു കൊല്ലം മുൻപ് അവിടുത്തെ ഉദ്യോഗസ്ഥന്മാർക്കെതിരെ സഹകരണ വകുപ്പ് നടപടി സ്വീകരിച്ചില്ലേ . 16 പേരെ സസ്പെൻഡ് ചെയ്ത് ജോലിയിൽനിന്ന് ഒഴിവാക്കി പുറത്തുനിർത്തിയില്ലേ. അവരുടെ പേരിൽ അന്വേഷണം നടത്തി കുറ്റം കണ്ടെത്തി ബാക്കി നടപടികൾ സ്വീകരിച്ചില്ലേ. ക്രിമിനൽ കേസുകളും ഇല്ലേ? ഇഡി വന്നിട്ടാണോ?

ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ ആദ്യമാണോ? എന്തിനാണ് ഇതൊരു വിവാദമാക്കുന്നത്. ഇഡി കേന്ദ്രസർക്കാരിനു കീഴിലുള്ള അന്വേഷണ ഏജൻസിയാണ്. മോദിയുടെ ഭരണത്തിൽ പ്രതിപക്ഷ നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കുകയാണ് ഇഡിയുടെ പ്രധാന ജോലി.

കോൺഗ്രസ് സുഹൃത്തുക്കൾ മനസ്സിലാക്കിക്കോ, മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ പി. ചിദംബരത്തിന്റെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നുള്ള ആക്ഷേപമായിരുന്നു ഇതിനു പിന്നിൽ. അദ്ദേഹത്തിന്റെ മകന്റെ പേരിലും കേസുണ്ട്. അത്രയും സമുന്നതനായ ഒരു നേതാവിന്റെ പേരിൽ കൊലക്കേസോ രാജ്യദ്രോഹക്കേസോ ചാരപ്രവർത്തനം നടത്തിയ കേസോ അല്ല, സാമ്പത്തിക ക്രമക്കേടാണ് കേസ്. ഹാജരാകണമെന്ന് നോട്ടിസ് കൊടുത്താൽ അദ്ദേഹം ഒളിച്ചോടുമോ. എന്തിനായിരുന്നു ആ നാടകം. 

2002ലെ ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെയും ഭരണത്തിനുകീഴിൽ കൊലപാതകങ്ങൾ നടന്നു. റോഡിൽ വച്ച് പൊലീസുകാർ തീവ്രവാദികളാണെന്നു പറഞ്ഞ് മുസ്‌ലിം ദമ്പതികളെ വെടിവച്ചുകൊന്നു. ആ കേസ് വിവാദമായി. അതിനു പിന്നിൽ അമിത് ഷായുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉണ്ടായി. അന്ന് കോൺഗ്രസ് സർക്കാരിന്റെ കാലമാണ്. പൊലീസ് അമിത് ഷായുടെ പേരിൽ കേസെടുത്ത് റിമാൻഡ് ചെയ്തു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ചിദംബരം. ആ സംഭവത്തിന്റെ പേരിലാണ് ചിദംബരത്തിനുനേർക്ക് ഈ നടപടിയുണ്ടായത്. അമിത് ഷാ അന്ന് എത്ര ദിവസം ജയിലിൽക്കിടന്നോ അതിലും രണ്ടു ദിവസം കൂടുതൽ ചിദംബരവും ജയിലിൽക്കിടന്നു. കോൺഗ്രസേ, സിപിഎം വിരോധംകൊണ്ട് കരുവന്നൂരും പറഞ്ഞ് ഇഡിയെ വല്ലാതെ സോപ്പിടാൻ പോകണ്ട. നിങ്ങളുടെ നേതാക്കന്മാർ പലരും ഇഡിയുടെ നോട്ടപ്പുള്ളികളാണ്’’ – എളമരം കരീം കൂട്ടിച്ചേർത്തു.

English Summary: Elamaram kareem's remarks on Karuvannur Bank Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT