ADVERTISEMENT

ഇടുക്കി∙ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന‌ു പറയുമ്പോൾ ചിലർക്കു സമനില തെറ്റുമെന്നു സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവന്ന എം.എം.മണി അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെയാണു ശിവരാമന്റെ ഒളിയമ്പ്. ഒഴിപ്പിക്കാൻ വരുന്നവരുടെ കയ്യും കാലും വെട്ടുമെന്നും നാവു പിഴുതെടുക്കുമെന്നുമാണു പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്. തല വെട്ടിക്കളഞ്ഞാൽ മതിയല്ലോ. കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാൻ കുറേ സമയം എടുക്കുമല്ലോ എന്നായിരുന്നു ശിവരാമന്റെ പരിഹാസം.

ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കയ്യേറി കുരിശു കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ശിവരാമൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘‘ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ 1000 കണക്കിന് ഏക്കർ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങൾ തുണ്ടുതുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവർത്തനത്തിനു തടയിടാൻ കഴിയുന്നില്ല’’– ശിവരാമൻ പറഞ്ഞു. 

‘‘ആയിരക്കണക്കിന‌ു ഭൂരഹിത കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാൻ ഇടമില്ലാത്ത നാട്ടിലാണു കയ്യേറ്റക്കാരുടെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം. സർക്കാർ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം’’ - തുണ്ടുതുണ്ടായി വിൽക്കപ്പെട്ട തോട്ട ഭൂമി എല്ലാം സർക്കാർ വീണ്ടെടുത്തു ഭൂ‌രഹിതർക്കു വിതരണം ചെയ്യണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു. 

English Summary: K K Sivaraman mock CPM leaders over eviction of land encroachers in Idukki 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com