കെ.കരുണാകരൻ സ്മാരകം നിർമിക്കാൻ സാധിക്കാത്തത് പാർട്ടിയുടെ ദൗർബല്യം: സുധാകരൻ
Mail This Article
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരന് വേണ്ടി സ്മാരകം നിർമിക്കാൻ സാധിക്കാത്തത് പാർട്ടിയുടെ ദൗർബല്യമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കെ.കരുണാകരൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരം ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.
‘‘എല്ലാവരുടെയും ആഗ്രഹമാണ് കെ.കരുണാകരൻ സ്മാരക മന്ദിരം. ഇത്രയായിട്ടും ലീഡറുടെ പേരിൽ ഒരു സ്മാരകം കെട്ടിപ്പൊക്കാൻ കഴിഞ്ഞില്ല എന്നത് പാർട്ടിയുടെ ദൗർബല്യമായിട്ടാണ് നോക്കിക്കാണുന്നത്. പണി പൂർത്തിയാക്കി മാസങ്ങൾകൊണ്ട് പ്രവർത്തനനിരതമാക്കുമെന്നു പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഇതിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്’’ – സുധാകരൻ പറഞ്ഞു.
കരുണാകരന്റെ പേരിൽ സ്മാരകമില്ലാത്തതിന്റെ പേരിൽ കേരളത്തിലെ മാധ്യമങ്ങളെല്ലാം കോൺഗ്രസിനെ പരിഹസിക്കുകയാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ഈ നാണക്കേടിനു പരിഹാരം ഉണ്ടാകണമെങ്കിൽ മന്ദിരത്തിന്റെ പ്രവർത്തനം ആരംഭിക്കണം. അതു സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ആന്റണി പറഞ്ഞു.
English Summary: K Karunakaran foundation fund collection inauguration