‘കേരളത്തിന്റേത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദൽ; സ്വകാര്യമേഖല പോലെ സിയാൽ ലാഭകരം’

Mail This Article
കൊച്ചി ∙ സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഏഴു മെഗാ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന കാലമാണിത്. വൻതോതിലുള്ള മൂലധന നിക്ഷേപവും ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രഫഷണൽ മികവും ആവശ്യമായതിനാൽ സ്വകാര്യമേഖലയിൽ മാത്രമേ ഇത്തരം സ്ഥാപനങ്ങൾ വിജയകരമായി പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ട്.
ഇത്തരം ചിന്താഗതിക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കാണാൻ കഴിയുക. ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രം വിൽപ്പനയ്ക്ക് വയ്ക്കുന്ന സ്ഥാപനങ്ങളെവരെ കേരളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരള സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം. അനുദിനം മാറിക്കൊണ്ടിരിക്കുകയും നിരന്തരം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത്, കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങൾ നടത്താൻ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാൽ’’- മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു വർഷത്തിനിടയിൽ സിയാലിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വൻ പദ്ധതിയാണിത്. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫറ്റ്‌വെയർ, അഗ്‌നി രക്ഷാസേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം ഒന്നാംഘട്ടം, ഗോൾഫ് ടൂറിസം, എയ്‌റോ ലോഞ്ച്, ചുറ്റുമതിൽ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. സിയാൽ ഡയറക്ടർ എം.എ.യൂസഫലി ആമുഖ പ്രഭാഷണം നിർവഹിച്ചു. മന്ത്രി പി.രാജീവ് അധ്യക്ഷനായി.
മന്ത്രിമാരായ കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ വിശിഷ്ടാതിഥികളായി. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, ജനപ്രതിനിധികളായ മാത്യു തോമസ്, പി.വി.കുഞ്ഞ്, വി.എം.ഷംസുദ്ദീൻ, ഗ്രേസി ദയാനന്ദൻ, ശോഭാ ഭരതൻ, സിയാൽ ഡയറക്ടർമാരായ ഇ.കെ.ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി.ജോർജ്, ഡോ.പി.മുഹമ്മദലി, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോർജ് എന്നിവരും പങ്കെടുത്തു.
English Summary: Kerala Chief Minister Pinarayi Vijayan launches seven mega projects at Cochin International Airport