‘അമിതപലിശ വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരുടെ ചോരയൂറ്റി; ഉറക്കം മാത്രമല്ല കിടക്കയും കെട്ടുപോകും’

Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ പദയാത്ര കോർപറേഷനു മുന്നിൽ സമാപിച്ചു. കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ നിന്നാണു പദയാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സഹകരണ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
‘‘ഈ പദയാത്ര പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. ഇതിൽ രാഷ്ട്രീയമില്ല. തട്ടിപ്പ് ബാധിച്ച ജനങ്ങൾക്കു വേണ്ടിയായിരുന്നു യാത്ര. ഇത് ബാധിച്ചവരും രാഷ്ട്രീയപ്രവർത്തകരും യാത്രയ്ക്ക് പിന്തുണ നൽകി. അമിതമായ പലിശവാഗ്ദാനം ചെയ്ത് പാവപ്പെട്ടവരുടെ ചോര ഊറ്റുകയായിരുന്നു. പാവങ്ങളുടെ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം വേണം.
ഇല്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്കകളും കെട്ടുപോകും. സ്വന്തം പ്രജകളുടെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണം. ഈ തസ്ക്കരൻമാരിൽ ഒരാളെപോലും വിടരുത്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അവർ എഴുതി തള്ളിയിരിക്കുന്നു.’’– സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂർ മണ്ഡലത്തിൽ ബിജെപി കളമൊരുക്കുകയാണെന്നു സിപിഎം വിമർശിക്കുന്ന പദയാത്രയിൽ നിരവധി പേരാണു പങ്കെടുത്തത്. പാർട്ടി നേതാക്കളും അണികളും സുരേഷ് ഗോപിയുടെ കൂടെയുണ്ടായിരുന്നു.
ഇതിൽ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകൾ വേട്ടക്കാർക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. 18 കിലോമീറ്റർ ദൂരമാണു പദയാത്ര സംഘടിപ്പിച്ചത്. സഹകരണ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.
English Summary: Actor and BJP leader Suresh Gopi's Sahakarana Padayatra against the Karuvannur Cooperative Bank Scam