മധ്യപ്രദേശിൽ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി എഎപി; ഇന്ത്യ സഖ്യത്തിൽ അനിശ്ചിതത്വം
Mail This Article
ഭോപാൽ∙ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി), ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 29 സീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എഎപി ഇതുവരെ 39 സീറ്റുകളിലേക്കാണു സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 10 സീറ്റുകളിലേക്കുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നീക്കം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ഒരുമിച്ച് മത്സരിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ രണ്ടു പ്രധാന കക്ഷികളാണ് എഎപിയും കോൺഗ്രസും. സംസ്ഥാനത്ത് കോൺഗ്രസ് ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ടില്ല.
ഇരുപാർട്ടികളും മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിക്കണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന യോഗത്തിനു ശേഷം ഒക്ടോബർ ആദ്യവാരം മധ്യപ്രദേശിലെ ഭോപാലിൽ ഇന്ത്യ സഖ്യം സംയുക്ത റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും റാലി റദ്ദാക്കിയതായി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പിന്നീട് അറിയിച്ചിരുന്നു.
അതേസമയം, എഎപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിൽ മുൻ ബിജെപി എംഎൽഎ മംമ്ത മീണയും ഇടംപിടിച്ചു. ചച്ചൗരയിൽനിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് മംമ്ത ബിജെപി വിട്ട് എഎപിയിൽ ചേർന്നത്. ഇതേ മണ്ഡലത്തിലാണ് എഎപി സ്ഥാനാർഥിത്വം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി ഇതുവരെ മൂന്നു പട്ടികകളിലായി 79 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: AAP unveils 2nd list of MP Elections candidates, poses uncertainty around INDIA electoral alliance