തട്ടം പ്രസ്താവന അനിൽ കുമാറിന്റെ പ്രസംഗത്തിൽ വന്ന പിശക്: ഇ.പി.ജയരാജൻ

Mail This Article
തിരുവനന്തപുരം∙ തട്ടം വിവാദ പരാമർശം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസംഗത്തിൽ വന്ന പിശകെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അദ്ദേഹം തന്നെ ആ പിശകു തിരുത്തിയിട്ടുണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരിൽ നിന്നും മതന്യൂനപക്ഷങ്ങൾക്കു നേരെ കടുത്ത ആക്രമണമാണുണ്ടാവുന്നത്. ലക്ഷദ്വീപിൽ ആഹാരത്തെ നിയന്ത്രിക്കുന്നതു ബിജെപി സർക്കാരാണ്. അവിടെ മാംസാഹാരം നിരോധിച്ചു. കർണാടകത്തിൽ ബിജെപി അധികാരത്തിലിരുന്ന സമയത്തു ഹിജാബിനെതിരെ നടപടി സ്വീകരിച്ചു. അതിനെ ശക്തമായി എതിർത്ത പാർട്ടിയാണു സിപിഎം. ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെയെല്ലാ ശക്തമായി എതിർക്കുന്ന പാർട്ടിയാണു സിപിഎം എന്നും ഇ.പി.ജയരാജൻ പറഞ്ഞു.
ഒക്ടോബർ ഒന്നിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റു പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നെന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന. സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്‌ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സൻസിനോടല്ല, മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞിരുന്നു. ഏക സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ.അനിൽകുമാറിന്റെ പരാമർശം.
English Summary: E P Jayarajan says veil statement was a mistake made by Anil kumar