ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ മൂന്നിന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

തെക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയ്ക്കു മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

നദികളിൽ അലർട്ട്

നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ യെലോ അലർട്ടും കേന്ദ്ര ജല കമ്മിഷൻ പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

∙ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള- ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. വിവിധ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary: IMD has said that moderate rain with thunder and lightning is likely to continue in Kerala for the next 5 days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com