പോരിന് തയാറെന്ന് മുരളീധരൻ; വടകരയിൽ പ്രതിസന്ധി ഒഴിവായി, ഇനിയുള്ളത് കണ്ണൂർ

Mail This Article
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പോരിന് വടകരയിൽ മത്സരിക്കാൻ തയാറാണെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. മത്സരിക്കണമെന്നു ഹൈക്കമാൻഡ് കർശനമായി നിർദേശിച്ചതോടെയാണു മുരളീധരൻ സമ്മതമറിയിച്ചത്. താൻ മത്സരിക്കാനില്ലെന്ന തരത്തിൽ മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചിരുന്നു.
നിലവിലുള്ള എംപിമാരെത്തന്നെ വീണ്ടും കളത്തിലിറക്കാനാണു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. ഇതിൽ വടകരയിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ കണ്ണൂരിലുമാണ് സ്ഥാനാർഥിയെ കണ്ടെത്തേണ്ടിയിരുന്നത്. മുരളി സമ്മതം മൂളിയതോടെ വടകരയിലെ പ്രതിസന്ധി ഒഴിവായി. കെപിസിസി പ്രസിഡന്റായതിനാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണു സുധാകരൻ. കെപിസിസി ജനറല്‍ സെക്രട്ടറിയും വിശ്വസ്തനുമായ കെ.ജയന്തിനെ സ്ഥാനാർഥിയാക്കാനാണു സുധാകരനു താൽപര്യം. പാർട്ടിയിൽ എതിർപ്പില്ലെങ്കിൽ ജയന്തിനുതന്നെ നറുക്കു വീണേക്കും.
കണ്ണൂർ പിടിച്ചെടുക്കാൻ മുൻ മന്ത്രി കെ.കെ.ശൈലജയെ സിപിഎം രംഗത്തിറങ്ങുമെന്നാണു സംസാരം. മുൻ മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കി മത്സരം കടുപ്പിക്കാനാണ് എൽഡിഎഫ് ആലോചിക്കുന്നത്. ഒക്ടോബര്‍ നാലിനു കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ചു രാഷ്ട്രീയകാര്യ സമിതി യോഗവും അഞ്ചിനു കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പാര്‍ലമെന്റിന്റെ ചുമതല നല്‍കിയ നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും കെ.സുധാകരന്‍ വിളിച്ചിട്ടുണ്ട്.
English Summary: Congress leader K.Muraleedharan MP said that he is ready to contest in Vadakara for the Lok Sabha elections.