‘അട്ടിമറിച്ചത് പിണറായി; കോടിയേരിയേക്കാള്‍ പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിന്’

Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല. 2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാം തീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നൽകിയതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
തലസ്ഥാനത്ത് ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമവാര്‍ഷികവേളയിൽ ‘മനോരമ ഓൺലൈൻ’ പ്രീമിയം ഇന്റർവ്യൂ പരമ്പരയായ ക്രോസ് ഫയറിൽ വെളിപ്പെടുത്തിയത്.
ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. ഭൗതികശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂര്‍ക്കു കൊണ്ടുപോയതെന്ന പാര്‍ട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്. കുടുംബത്തില്‍നിന്നുയര്‍ന്ന പരാതിക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരുവെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
കോടിയേരിയുടെ ഭൗതികശരീരം ചെന്നൈയില്‍നിന്ന് നേരേ കണ്ണൂര്‍ക്കു കൊണ്ടുപോയി സംസ്‌കരിച്ചത് പാര്‍ട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ്. എകെജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തെത്താന്‍ രണ്ടു ദിവസമെടുത്തു. ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു ഇവരുടെ അന്ത്യയാത്ര. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
English Summary: K Sudhakaran on Kodiyeri Balakrishnan's funeral raw