തട്ടത്തില്‍ അനില്‍കുമാറിനെ തള്ളി സിപിഎം; 'വസ്ത്രധാരണം ജനാധിപത്യ അവകാശം'

Mail This Article
കണ്ണൂർ∙ ‘തട്ടം’ വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നു ഹിജാബ് വിഷയം ഉയർന്നുവന്നപ്പോൾ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
‘‘വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്നം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ പാർട്ടിയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും അതു വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിനുള്ള അവകാശത്തിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ല. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവർ ഈ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നു നിർദേശിക്കാനോ അതിന്റെ പേരിൽ വിമർശിക്കാനോ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല.’’– ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.
English Summary: MV Govindan Slams K Anilkumar in Veil Controversy