ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 48 മണിക്കൂറിൽ 31 മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, സംസ്ഥാനത്തു തന്നെ മറ്റൊരു ആശുപത്രിയിലും പത്തു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംപാജിനഗർ (ഔറംഗബാദ്) ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് രണ്ടു നവജാതശിശുക്കൾ അടക്കം 10 പേർ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് ആശുപത്രി ആധികൃതർ പറയുന്നത്. ‘‘ഓരോ ദിവസവും ഇരുന്നൂറോളം പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നുണ്ട്. ഇതിൽ ഗുരുതരമായ കേസുകളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ മരണസംഖ്യയിൽ വലിയ അസ്വാഭാവികതകളൊന്നുമില്ല’’– ആശുപത്രി ഡീൻ സഞ്ജയ് റാത്തോഡ് അഭിപ്രായപ്പെട്ടു. മരുന്നുകളുടെ ലഭ്യതക്കുറവാണ് മരണസംഖ്യ കൂട്ടിയതെന്ന വാദവും അദ്ദേഹം തള്ളി. 

മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ ഇതുവരെ 31 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 31 പേരിൽ 15 പേർ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകള്‍ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീൻ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചിരുന്നു. 

ഇരുപതിലധികം സർക്കാർ മെഡിക്കൽ കോളജുകളാണ് മഹാരാഷ്ട്രയിലുള്ളത്. കഴിഞ്ഞ ഇടയ്ക്ക് ഇവിടെയുള്ള ജീവനക്കാരെ സ്ഥലംമാറ്റിയത് ഏറെ വിവാദങ്ങൾക്കു കാരണമായിരുന്നു. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ 350 ഓളം ഡോക്ടർമാരെയാണു സ്ഥലം മാറ്റിയത്. 1200 ഓളം ഡോക്ടർമാരുടെ കുറവുള്ളപ്പോൾ നടത്തിയ ഈ തീരുമാനത്തിനെതിരെയാണു വിമർശനം ഉയർന്നത്. സീനിയർ ഡോക്ടർമാരുടെയും പ്രഫസർമാരുടെയും കുറവ് കാരണം മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന് കാട്ടി റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞയിടയ്ക്ക് പ്രതിഷേധിച്ചിരുന്നു. നിരവധി സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് കുറവുണ്ടെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു. 

English Summary: Another Hospital Tragedy In Maharashtra: 8 Deaths In 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com