കെസിആർ എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചു: വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

Mail This Article
ഹൈദരാബാദ്∙ 2020ലെ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനുശേഷം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേരാൻ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ.ചന്ദ്രശേഖർ റാവു (കെസിആർ) ആഗ്രഹിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, അതിനെ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ നിസാമാബാദിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘‘ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ കെസിആറിനു പിന്തുണ ആവശ്യമായിരുന്നു. ഈ തിരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹം എന്നെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്യുമായിരുന്നു. എന്നാൽ പിന്നീട് അതു നിർത്തി. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനുശേഷം, കെസിആർ എന്നെ കാണാൻ വന്നു. എൻഡിഎയിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ വച്ച് പറഞ്ഞു. അദ്ദേഹത്തിനു പിന്തുണ നൽകാനും എന്നോട് ആവശ്യപ്പെട്ടു. എന്നാൽ, ഞാൻ അദ്ദേഹത്തോടു പറഞ്ഞു, അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാരണം കൂട്ടുകൂടാൻ കഴിയില്ല എന്ന്’’– പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ അവകാശവാദത്തെ ബിആർഎസ് നിരസിച്ചു. ഇതു നുണയാണെന്നു ബിആർഎസ് നേതാവ് ഖലീഖുർ റഹ്മാൻ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി നുണകൾ പറഞ്ഞ് പ്രധാനമന്ത്രി തരം താഴ്ന്ന നിലയിലേക്കും കൂപ്പുകുത്തുകയാണെന്ന് ബിആർഎസ് വക്താവ് എം.കൃശാങ്ക് ആരോപിച്ചു.
English Summary: PM Modi Claims He Turned Down KCR's Request To Join NDA