ആരോഗ്യവകുപ്പിലെ ജോലി തട്ടിപ്പ്: പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും

Mail This Article
തിരുവനന്തപുരം ∙ ആരോഗ്യവകുപ്പിലെ ജോലി തട്ടിപ്പിൽ കന്റോൺമെന്റ് പൊലീസ് ഇന്ന് വഞ്ചിയൂർ കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. കേസിൽ രണ്ടുപേരെ പ്രതിചേർത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചാകും റിപ്പോർട്ട് നൽകുക. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിനു പരാതിക്കാരൻ പണം കൈമാറിയതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടും.
ഇടനിലക്കാരായ അഖിൽ സജീവ്, ലെനിൻ രാജ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. തട്ടിപ്പിന് പിന്നിൽ ഉണ്ടെന്നു കരുതുന്ന ബാസിതിൽനിന്നു നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പിനു പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. എഐഎസ്എഫ് മുൻ നേതാവ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിതിന്റെ പങ്കും സംശയിക്കുന്നു. പരാതിക്കാരനായ ഹരിദാസനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നാണു ബാസിത് നേരത്തേ മൊഴി നൽകിയത്.
സെക്രട്ടേറിയറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ ഹരിദാസിനൊപ്പം ബാസിതിനെയും കണ്ടതോടെ ഇയാളുടെ മൊഴി വീണ്ടുമെടുത്തു. ഹരിദാസൻ പണം കൈമാറാൻ പോയപ്പോൾ താൻ ഒപ്പമുണ്ടായിരുന്നില്ലെന്നും അതിനു മുൻപൊരു ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും ബാസിത് പറയുന്നു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഹരിദാസന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
English Summary: The Cantonment Police will submit an investigation progress report to the court today in the health department job scam.