ADVERTISEMENT

തിരുവനന്തപുരം∙ 2022ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം ശശി തരൂര്‍ എംപിക്ക് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരം സമ്മാനിച്ചത്. ശശി തരൂർ രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയൻമാരിൽ ഒരാളാണെന്ന് ഗവര്‍ണർ അഭിനന്ദിച്ചു. രാഷ്ട്രീയ പദവികളെ അഭിമാനവും അധികാരവുമായി കാണുന്നവരുണ്ടെന്നും എന്നാൽ രാഷ്ട്രീയം സേവനത്തിന്റെയും മനുഷ്യത്വത്തിന്റേതുമാകണമെന്നും ഗവർണർ പറ‍ഞ്ഞു.

താഴേത്തട്ടിലുള്ളവരുടെ കണ്ണീർ തുടയ്ക്കാൻ രാഷ്ട്രീയക്കാർക്കു കഴിയണം. രാഷ്ട്രീയക്കാർ സമൂഹത്തോട് അനുകമ്പയുള്ളവരായിരിക്കണം. ശശി തരൂരിന്റെ പ്രസംഗങ്ങൾക്കും എഴുത്തിനും പ്രവർത്തനങ്ങൾക്കും നമ്മുടെ ആധ്യാത്മിക തലത്തിലുള്ള കാഴ്ചപ്പാടുകളെ ജീവിത യാഥാർഥ്യങ്ങളിലേക്കു പരിവർത്തനം ചെയ്യാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു.

രാജ്യത്തെയും സമൂഹത്തെയും മെച്ചപ്പെടുത്താനാണു രാഷ്ട്രീയക്കാർ ഇടപെടേണ്ടതെന്നു ശശി തരൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം നേട്ടത്തിനോ സാമ്പത്തിക ലാഭത്തിനോ ആകരുത് രാഷ്ട്രീയ പ്രവർത്തനം. ജനങ്ങളുടെ വോട്ട് സ്വന്തമാക്കുന്നത് അവരെ സഹായിക്കാനാകണം. സമൂഹത്തിൽ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങൾക്കു പുരസ്കാരം പ്രചോദനമാകുമെന്നും ശശി തരൂർ പറഞ്ഞു. 25–ാം വയസിൽ അഭയാർഥികളെ സഹായിക്കാനുള്ള യുഎൻ ദൗത്യത്തിൽ പങ്കാളിയായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ സഹകരണത്തോടെ നടത്തിയ ന്യൂസ്‌മേക്കര്‍ 2022ന്‍റെ അവസാന റൗണ്ടിലെത്തിയ നാലുപേരില്‍ ഏറ്റവുമധികം പ്രേക്ഷക വോട്ടുനേടിയാണ് തരൂര്‍ പുരസ്കാരത്തിന് അർഹനായത്. ബോളിവുഡ് നടിയും എംപിയുമായ ഹേമമാലിനി തരൂരിനെ അഭിനന്ദിച്ച് വിഡിയോ സന്ദേശം പങ്കുവച്ചു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു, കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Shashi Tharoor Wins Prestigious Manorama Newsmaker 2022 Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT