ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഒഴിവാക്കാൻ 3 ലക്ഷം തിരിച്ചടച്ച് മുൻ മാനേജർ
Mail This Article
തിരുവല്ല∙ പത്തനംതിട്ട തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പണം ഭാഗികമായി തിരിച്ചടച്ച് മുന്‍ മാനേജര്‍ സി.കെ.പ്രീത. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ് ഒഴിവാക്കുന്നതിനായി മൂന്നു ലക്ഷം രൂപ തിരിച്ചടച്ചത്. തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകൾ നീന മോഹനുമാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
2015ല്‍ സ്ഥിരനിക്ഷേപമിട്ട മൂന്നര ലക്ഷം രൂപ പിന്‍വലിക്കാനെത്തിയപ്പോഴാണ് വ്യാജ ഒപ്പിട്ട് മുന്‍ മാനേജര്‍ പണം കൈക്കലാക്കിയതായി പരാതിക്കാരി വിജയലക്ഷ്മി മോഹൻ മനസ്സിലാക്കുന്നത്. ഇതിനു പിന്നാലെ വിജയലക്ഷ്മി പരാതിയുമായി പൊലീസിനെയും അസിസ്റ്റന്റ് റജിസ്ട്രാറെയും ഹൈക്കോടതിയെയും സമീപിച്ചു. അപ്പോഴൊന്നും പണം തിരികെ നൽകാൻ മുൻ മാനേജർ തയാറായില്ല.
അതേസമയം, തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ പുറത്താക്കിയെന്നും ക്ലോസ് ചെയ്ത പണം നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു ബാങ്കിന്‍റെ നിലപാട്. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രീത ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.
പലിശ ഉൾപ്പെടെ 6.75 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് തിരികെ ലഭിക്കാനുള്ളത്. മുഴുവന്‍ തുകയും മുന്‍ മാനേജര്‍ തിരിച്ചടച്ചശേഷം ഹൈക്കോടതിയുടെ അനുമതിയോടെ പണം തിരിച്ചുനല്‍കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഈ തുക തിരിച്ചുകിട്ടിയാൽ മാത്രമേ പരാതി പിൻവലിക്കൂ എന്നാണ് വിജയലക്ഷ്മിയുടെ നിലപാട്.
English Summary: Tiruvalla Urban Co-operative Bank Fraud: Ex-manager Pays Back 3 Lakhs to Avoid Legal Trouble