എല്ലാം മണത്തറിയും, എന്നിട്ടും എങ്ങനെ പാളി; ഹമാസ് ആക്രമണത്തിൽ പകച്ച് മൊസാദ്

Mail This Article
ജറുസലം∙ വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും, അതിർത്തിയിൽ നിതാന്ത ജാഗ്രത പുലർത്തിയിട്ടും, ഒറ്റ ദിവസംകൊണ്ട് പലസ്തീൻ അനുകൂല സായുധ പ്രസ്ഥാനമായ ഹമാസിന് എങ്ങനെ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നുകയറാൻ സാധിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കി. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും സ്വന്തമായുള്ള ഇസ്രയേലിന്, ഹമാസിന്റെ ആക്രമണ നീക്കവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും മുൻകൂട്ടി അറിയാനും തടയാനും സാധിക്കാതെ പോയത് എന്തുകൊണ്ട് എന്നാണ് ചോദ്യം.
ഹമാസിന്റെ മിന്നൽ ആക്രമണം ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണെന്ന് രാജ്യത്തു വിമർശനം ഉയർന്നു. അതീവ സുരക്ഷയുള്ള അതിർത്തിയിലൂടെ സായുധസംഘം ഇസ്രയേലിൽ കടന്ന് ആക്രമണം നടത്തിയത് ജനങ്ങളെ ആശങ്കയിലാക്കി.
അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും അതെല്ലാം കടന്നാണ് ഹമാസ് സംഘം ഇസ്രയേലിൽ പ്രവേശിച്ചത്. ഹമാസിന്റെ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചുവെന്ന് ഇസ്രയേൽ സുരക്ഷാ ഏജൻസി ഷിൻ ബെറ്റ് തന്നെ പറയുന്നു. ഇസ്രയേലിനകത്തും പലസ്തീനിലും ലബനനിലും സിറിയയിലും ഉള്ള ഹമാസ് സംഘങ്ങളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും മൊസാദ് എക്കാലവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ്. എന്നിട്ടും ഇങ്ങനെ ഒരു ആക്രമണത്തിന് അവർ തയാറെടുക്കുന്ന വിവരം മൊസാദ് അറിഞ്ഞില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പലസ്തീൻ അതിർത്തിയിൽ ക്യാമറകൾ, ഗ്രൗണ്ട് മോണിറ്റർ, സൈനിക പട്രോളിങ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളെല്ലാം തകർത്താണ് ഹമാസ് സംഘം വിവിധ മാർഗങ്ങളിലൂടെ ഇസ്രയേലിൽ പ്രവേശിച്ചത്. ആക്രമണം നേരത്തെ അറിയുന്നതിൽ മൊസാദ് പൂർണമായും പരാജയപ്പെട്ടുവെന്നു ചുരുക്കം.
രാഷ്ട്രീയരംഗത്ത് ഇപ്പോൾ ഇസ്രയേലിലുള്ള കടുത്ത വിഭാഗീയതയും ഹമാസ് മുതലാക്കിയിട്ടുണ്ട്. കോടതികളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നെതന്യാഹു കൊണ്ടുവന്ന നിയമപരിഷ്കാരങ്ങൾക്കെതിരെ സൈനികർ ഉൾപ്പെടെ സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങൾ പ്രതിഷേധത്തിലാണ്. മതപരമായ ചേരിതിരിവും സമൂഹത്തിൽ ശക്തമാണ്. ഇസ്രയേലിൽ ആഭ്യന്തര പ്രശ്നം രൂക്ഷമായ സമയം തന്നെ ആക്രമണത്തിന് ഹമാസ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ തീവ്ര വലതുപപക്ഷ സഖ്യം അധികാരമേറ്റതിനു പിന്നാലെ അധിനിവേശ വെസ്റ്റ്ബാങ്കിലും ജറുലസമിലും പലസ്തീൻകാർക്കു നേരെ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം വർധിച്ചതും ഹമാസിനെ പ്രകോപിപ്പിച്ചു. ഈ വർഷം കഴിഞ്ഞ എട്ടു മാസവും ദിവസം തോറും മൂന്ന് അതിക്രമങ്ങൾ എന്ന നിലയിൽ സംഘർഷം വളർന്നതായി യുഎൻ റിപ്പോർട്ടിൽ പറയുന്നു.