ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യാ വിഭജനം ചരിത്രപരമായ പിഴവാണെന്ന പ്രസ്താവനയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്ത്. ഇന്ത്യാ വിഭജനം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഉവൈസി അഭിപ്രായപ്പെട്ടു. ചരിത്രപരമായി ഇന്ത്യയും പാക്കിസ്ഥാനും ഒറ്റ രാജ്യമായിരുന്നുവെന്നു ഹൈദരാബാദ് എംപി കൂടിയായ ഉവൈസി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ ഇന്ത്യ വിഭജിക്കപ്പെട്ടു. അതു സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഉവൈസി പറഞ്ഞു.

‘‘ചരിത്രപരമായി ഇതെല്ലാം ഒറ്റ രാജ്യമായിരുന്നു. നിർഭാഗ്യവശാൽ ഇന്ത്യ വിഭജിക്കപ്പെട്ടു. അതു സംഭവിക്കാൻ പാടില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. നിങ്ങൾ ഈ വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചാൽ ആരാണ് ഈ വിഭജനത്തിന്റെ ഉത്തരവാദി എന്നു ഞാൻ വിശദീകരിക്കാം. അക്കാലത്ത് സംഭവിച്ച ഈ ചരിത്രപരമായ പിഴവിന് ഒറ്റ വാചകത്തിൽ ഉത്തരം നൽകാൻ എനിക്കാകില്ല’’ – ഉവൈസി വിശദീകരിച്ചു.

ഹിന്ദു മഹാസഭയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ–പാക്കിസ്ഥാൻ വിഭജനം സംഭവിച്ചതെന്നും മുഹമ്മദലി ജിന്നയ്ക്ക് അതിൽ പങ്കില്ലെന്നുമുള്ള സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഉവൈസി. സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകത്തിൽ ഈ അഭ്യർഥന സ്വീകരിക്കരുതെന്ന് അഭ്യർഥിച്ച് അദ്ദേഹം കോൺഗ്രസ് നേതാക്കളെ കണ്ടതായി പറയുന്ന ഭാഗവും ഉവൈസി ഉദ്ധരിച്ചു.

‘‘ഈ രാജ്യത്തിന്റെ വിഭജനം സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. അത് തീർത്തും തെറ്റായിപ്പോയി. അന്ന് ഇതുമായി ബന്ധപ്പെട്ടു നിന്നിരുന്ന എല്ലാ നേതാക്കളും ഈ വിഭജനത്തിന് ഉത്തരവാദികളാണ്. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകം വായിച്ചാൽ മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്. രാജ്യത്തെ വിഭജിക്കരുതെന്ന് അദ്ദേഹം എല്ലാ കോൺഗ്രസ് നേതാക്കളെയും കണ്ട് അഭ്യർഥിച്ചിരുന്നു’ – ഉവൈസി വിശദീകരിച്ചു. അന്നത്തെ ഇസ്‌ലാമിക പണ്ഡ‍ിതൻമാരും വിഭജനത്തെ എതിർക്കുകയാണ് ചെയ്തിരുന്നതെന്ന് ഉവൈസി പറഞ്ഞു.

English Summary:

Partition historical mistake, can say who was responsible: Asaduddin Owaisi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com