പലസ്തീന് അനുകൂലമായിരുന്നു ഇന്ത്യയുടെ നയം; കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പം: ശരദ് പവാർ
Mail This Article
ന്യൂഡൽഹി∙ ഇസ്രയേൽ–പലസ്തീൻ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മുൻപുള്ള സർക്കാരുകളിൽ ഈ ആശയക്കുഴപ്പം കണ്ടിട്ടില്ലെന്നും പലസ്തീന് അനുകൂലമായ നയമാണ് എല്ലാകാലത്തും ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും പവാർ പറഞ്ഞു.
ഇസ്രയേല്‍ – ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍നിന്നും ഇന്ത്യ വിട്ടുനിന്നതില്‍ പ്രതികരിക്കുകയായിരുന്നു പവാർ. പലസ്തീൻ വിഷയത്തിലെ ഇന്ത്യയുടെ നയത്തിലെ വ്യതിയാനത്തെ വിമർശിച്ച പവാർ ആയിരക്കണക്കിന് ആളുകളാണ് പലസ്തീനിൽ മരിക്കുന്നതെന്നും പറഞ്ഞു.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ ഐക്യദാർഢ്യം മോദി വീണ്ടും ആവർത്തിച്ചു. എന്നാൽ ഒക്ടോബർ 12നു പലസ്തീന്റെ പരമാധികാരത്തെ മാനിക്കുന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞതെന്നും പവാർ ചൂണ്ടിക്കാട്ടി.