കേരളത്തിൽ കോൺഗ്രസ് പിന്നിൽ നിൽക്കാൻ കാരണം പ്രാദേശിക നേതാക്കൾ: കുറ്റപ്പെടുത്തി സുധാകരൻ
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിന്നിൽ നിൽക്കുന്നതിന്റെ കാരണം പ്രാദേശിക നേതാക്കളെന്നു കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രാദേശിക നേതാക്കൾക്കു പ്രതീക്ഷയ്‍ക്കൊത്ത് ഉയരാനും പ്രവർത്തകരെ സംഘടിപ്പിക്കാനുമാകുന്നില്ല. ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയും ആവേശവും കൊടുക്കേണ്ട പദവിയാണ്.
രണ്ടു മാസം മുൻപേ തീരേണ്ട മണ്ഡലം പുനഃസംഘടന നീളുന്നതിന്റെ ഉത്തരവാദിത്തം കെപിസിസിക്ക് അല്ല. പ്രാദേശികതലത്തിൽ ഒരു പൊതുനേതാവിനെ കണ്ടെത്താൻ സാധിക്കാത്തവരെക്കുറിച്ച് എന്തു പറയാനാണ്? ഇക്കാര്യത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ ജില്ലയിലെ നേതാക്കൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്. ജില്ലകളിൽ സർക്കാരിനെതിരെ വികാരവും ആവേശവുമുണ്ടെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പാകമായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
തനിക്കറിയാവുന്ന പഴയ പിണറായി വിജയൻ ഇതുപോലെയല്ലെന്നും, ഇന്ന് പണം എന്ന ചിന്ത മാത്രമുള്ളയാളാണു മുഖ്യമന്ത്രി പിണറായിയെന്നും സുധാകരൻ ആരോപിച്ചു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ സംയുക്ത ജില്ലാ പര്യടനത്തിന്റെ ഭാഗമായി പ്രത്യേക കോൺഗ്രസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.