‘കേരള ഗുണ്ടകൾ കാരണം കർണാടക പൊലീസ് പോലും വിളിക്കുന്നു; വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർക്ക് ക്വോട്ട വേണ്ട’

Mail This Article
തിരുവനന്തപുരം∙ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുന്നതായി പൊലീസ് ഉന്നതതല യോഗത്തിൽ വിമർശനം. പൊലീസ്–ഗുണ്ട കൂട്ടുകെട്ട് പലയിടങ്ങളിലും ഉള്ളതായും വിമർശനം ഉയർന്നു. എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് ഡിജിപി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ഇരുപതിലധികം കേസുകളുള്ള ഗുണ്ടകൾ പോലും പുറത്ത് സ്വൈര്യവിഹാരം നടത്തുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
കുപ്രസിദ്ധ ഗുണ്ടയായ ഓംപ്രകാശിനെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂരിൽ നിരവധി കേസുകളിൽ പ്രതിയായ റോഷനെ പിടികൂടാൻ ചെന്ന പൊലീസ് സംഘത്തിനുനേരെ പിതാവ് വെടിവച്ച സംഭവമുണ്ടായി. 20 കേസുകളിൽ പ്രതികളായവർ പോലും ജാമ്യമെടുത്തു പുറത്തിറങ്ങുകയാണ്. കേസുകളിൽ ഫോളോഅപ് ഉണ്ടാകുന്നില്ല. വിചാരണ ശരിയായ രീതിയിൽ നടക്കാത്തതിനാൽ ഗുണ്ടകൾ സാക്ഷികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതായും വിമർശനമുയർന്നു.
കേസുകളിൽ കാലതാമസമില്ലാതെ വിചാരണ ഉറപ്പാക്കി ശിക്ഷ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. കേരളത്തിലെ ഗുണ്ടകൾ കർണാടകയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നതിനാൽ അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിളിക്കുന്ന സാഹചര്യമുണ്ടെന്നും യോഗത്തിൽ വിമർശനമുണ്ടായി.
വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർക്ക് ക്വോട്ട നൽകരുതെന്ന് എസ്പിമാരോട് ഡിജിപി നിർദേശിച്ചു. വാഹന പരിശോധന ശാസ്ത്രീയമായി നടത്തണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വളവിൽ വാഹനപരിശോധന നടത്തരുത്. ഓടുന്ന വണ്ടി നിരനിരയായി നിർത്തിയിട്ടുള്ള പരിശോധന ഒഴിവാക്കണം. ഹൈവേ പട്രോളിങിന് നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ഹൈവേ പൊലീസ് അനാവശ്യ വാഹന പരിശോധന ഒഴിവാക്കണമെന്നും നിർദേശമുണ്ടായി.