1.30 കോടി വീടുകൾ, പിജി വരെ സൗജന്യ വിദ്യാഭ്യാസം, കർഷകർക്ക് വർഷം 12000 രൂപ; മധ്യപ്രദേശിൽ പ്രകടനപത്രികയുമായി ബിജെപി

Mail This Article
ഭോപാൽ ∙ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മധ്യപ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ‘സങ്കൽപ് പത്ര’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിൽ ഗോതമ്പിനും നെല്ലിനും താങ്ങുവില വർധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പാർട്ടി വ്യക്തമാക്കുന്നു. ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങൾക്ക് വീടു നൽകുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എൽപിജി സിലിണ്ടർ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
100 യൂണിറ്റ് വരെ വൈദ്യുതിക്ക് ഒരു രൂപ മാത്രം, കർഷകർക്ക് പ്രതിവർഷം 12000 രൂപ, ദരിദ്രർക്ക് 5 വർഷത്തേക്ക് സൗജന്യ റേഷൻ എന്നിവയും ബിജെപി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കൊപ്പം മറ്റു മുതിർന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് സങ്കൽപ് പത്ര പുറത്തിറക്കിയത്.
ഇതിനു പുറമെ ലാഡ്‌ലി ലക്ഷ്മി പദ്ധതിയിൽ പെൺകുട്ടികൾക്ക് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം, അതിദരിദ്ര കുടുംബങ്ങൾക്ക് കെജി തൊട്ട് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ലാഡ്‌ലി ബെഹ്ന പദ്ധതിയിൽ പ്രതിമാസം 1250 രൂപ കിട്ടുന്ന സ്ത്രീകൾക്ക് വീട് ലഭ്യമാക്കും. ഇവർക്ക് 450 രൂപയ്ക്കു ഗ്യാസ് സിലിണ്ടർ, 6 പുതിയ എക്സ്പ്രസ് വേകൾ, 2 പുതിയ വിമാനത്താവളങ്ങൾ, എല്ലാവർക്കും വീട് ഉറപ്പാക്കും, മുഖ്യമന്ത്രി ജൻ ആവാസ് യോജന തുടങ്ങും എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രകടന പത്രിക നേരത്തെ പുറത്തിറക്കിയിരുന്നു. ഗോതമ്പിന് 2600 രൂപയും നെല്ലിന് 2500 രൂപയുമായിരുന്നു കോൺഗ്രസ് താങ്ങുവിലയായി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തിന് ഐപിഎൽ ടീം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറന്‍സ്, ജാതി സർവേ, രണ്ട് ലക്ഷം രൂപ വരെ കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, നേരത്തേയുണ്ടായിരുന്ന പെൻഷൻ സ്കീം തിരികെക്കൊണ്ടുവരൽ എന്നിവയെല്ലാം കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. നവംബർ 17നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.