‘വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവന്‍ അപകടത്തിൽ’: ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രൂഡോ
Mail This Article
ന്യൂഡൽഹി ∙ കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചയച്ചതിലൂടെ ഇന്ത്യ വിയന്ന ഉടമ്പടി ലംഘിച്ചതായി ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകത്തെ മുഴുവന്‍ അത് അപകടകരമായി ബാധിക്കും. ഇന്ത്യ ഏകപക്ഷീയമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയാറാകുന്നില്ലെന്നും ട്രൂഡോ പറഞ്ഞു.
‘‘കനേഡിയൻ പൗരന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വ്യക്തമായ സൂചന കിട്ടിയപ്പോൾ തന്നെ ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎസ് ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളോട് വിഷയത്തിൽ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. രാജ്യാന്തര നിയമത്തെയും പരമാധികാരത്തെയും സംബന്ധിച്ച വിഷയമാണിത്’’ –ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോ പറഞ്ഞു.
ഒരു രാജ്യം മറ്റു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മതിയായ പരിരക്ഷ നൽകാതിരുന്നാൽ അത് രാജ്യാന്തര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. ഇന്ത്യയുമായി ക്രിയാത്മക ഇടപെടൽ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അത് തുടർന്നു കൊണ്ടിരിക്കും. നിലവിലുള്ള സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിയമവാഴ്ചയെ എപ്പോഴും ഉയർത്തിപ്പിടിക്കുക എന്നതാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ വ്യക്തമാക്കി.
നേരത്തെ കാനഡയിൽ നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കാനഡ തീവ്രവാദികൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. പിന്നാലെ വീസാ നടപടികൾ നിർത്തിവയ്ക്കുകയും നാൽപതിലേറെ നയതന്ത്ര പ്രതിനിധികളെ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് തിരിച്ചയയ്‌ക്കുകയും ചെയ്തു. വീസാ നടപടികൾ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും നയതന്ത്ര പ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ല.