ഛത്തീസ്ഗഡിൽ 67.34%, മധ്യപ്രദേശിൽ 71.11%; ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഐടിബിപി ജവാൻ കൊല്ലപ്പെട്ടു

Mail This Article
ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് സമാപിച്ചു. അഞ്ചുമണിവരെ ഛത്തീസ്ഗഡിൽ 67.34%, മധ്യപ്രദേശിൽ 71.11% ആണ് പോളിങ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ മുഴുവൻ സീറ്റിലും (230 സീറ്റ്) ഛത്തീസ്ഗഡിലെ 70 സീറ്റിലുമാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനത്തുമായി 3,491 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ ഏഴിന് നടന്നിരുന്നു. ഛത്തീസ്‍ഗഡിൽ ഗരിയാബന്ദിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഐടിബിപി ജവാൻ കൊല്ലപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ ജോഗിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായായിരുന്നു ആക്രമണം.
മധ്യപ്രദേശിലെ 64,523 പോളിങ് ബൂത്തുകളിൽ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ബാധിത ജില്ലകളായ ബാലാഘട്ട്, ദിൻഡോരി, മണ്ഡ്‌ല എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3നും മറ്റെല്ലായിടത്തും വൈകിട്ട് 6നുമാണ് വോട്ടെടുപ്പ് അവസാനിച്ചത്. കോൺഗ്രസും ബിജെപിയും 230 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) 183 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 71 സീറ്റുകളിലും ആം ആദ്മി പാർട്ടി 66 സീറ്റുകളിലും മത്സരിക്കുന്നു. ബിജെപിയുടെ 3 കേന്ദ്രമന്ത്രിമാരടക്കം 7 സിറ്റിങ് എംപിമാരും ജനവിധി തേടുന്നു. മധ്യപ്രദേശിൽ പലയങ്ങളിലായി അക്രമങ്ങൾ അരങ്ങേറി. മെഹ്‌ഗോണിൽ ബിജെപി സ്ഥാനാർഥിക്കും ആം ആദ്മി പാർട്ടി പ്രവർത്തകനും അജ്ഞാതന്റെ വെടിയേറ്റു.
ഛത്തീസ്ഗഡിൽ 70 സീറ്റുകളിലായി 958 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കോൺഗ്രസും ബിജെപിയും 70 സീറ്റുകളിലും മത്സരിക്കുന്നു. എഎപിയുടെ 44, ജനതാ കോൺഗ്രസ് ഛത്തീസ്ഗഡിന്റെ 62, ഹാമർ രാജ് പാർട്ടിയുടെ 33 സ്ഥാനാർഥികളും ജനവിധി തേടുന്നു. ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) ഗോണ്ട്വാന ഗാന്തന്ത്ര പാർട്ടിയും സഖ്യത്തിൽ മത്സരിക്കുന്നു. ഇരു പാർട്ടികളുടെയും യഥാക്രമം 43, 26 സ്ഥാനാർഥികളും ജനവിധി തേടുന്നത്.
രാജിം ജില്ലയിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബിന്ദ്രനവാഗഡ് മണ്ഡലത്തിലെ ഒൻപതു ബൂത്തുകളിൽ ഒഴികെ 70 മണ്ഡലങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായിരുന്നു വോട്ടെടുപ്പ്. ബിന്ദ്രനവാഗഡ് മണ്ഡലത്തിലെ ഒൻപതു ബൂത്തുകളിൽ രാവിലെ 7 മുതൽ 3 വരെ വോട്ടെടുപ്പ് നടന്നു
മൊത്തം 90 സീറ്റുള്ള ഛത്തീസ്ഗഡിൽ 20 സീറ്റിലേക്ക് ആദ്യഘട്ടം വോട്ടെടുപ്പ് ഈ മാസം 7നു നടന്നിരുന്നു. മിസോറമിലും 7നു വോട്ടെടുപ്പ് നടന്നു. രാജസ്ഥാൻ (നവംബർ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം ഡിസംബർ 3ന് എല്ലായിടത്തെയും വോട്ടെണ്ണും.