യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ്: 3 കോൺഗ്രസ് നേതാക്കൾ നേരിട്ട് ഇടപെട്ടെന്ന് ഡിവൈഎഫ്ഐ
Mail This Article
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ കോൺഗ്രസിലെ മൂന്നു നേതാക്കൾ നേരിട്ട് ഇടപെട്ടതായി ഡിവൈഎഫ്ഐ. വ്യാജ തിരിച്ചറിയൽ കാർഡ് മലപ്പുറത്ത് നിന്നുള്ള ഹാക്കറുടെ സഹായത്തോടെയാണ് നിർമിച്ചതെന്നും ഇയാൾ ഡൽഹിയിൽ ഹാക്കിങ്ങിലൂടെ പണം തട്ടിയ സംഭവത്തിൽ പ്രതിയാണെന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപി കുറ്റപ്പെടുത്തി.
പാലക്കാട്ടു നിന്നുള്ള ഒരു മുൻ എംഎൽഎ, പാലക്കാട്ട് നിന്നുള്ള നിലവിലത്തെ എംഎൽഎ, നിലവിൽ തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ മൂന്നുപേർ ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘‘വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ പങ്ക് അന്വേഷിക്കണം. കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതാണ് നല്ലത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള പരീക്ഷണം ആണോയെന്നും സംശയമുണ്ട്’’–എ.എ.റഹീം പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘം അന്വേഷണം നടത്തും.
ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കും. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ഥികളുടെയും മൊഴി എടുക്കും. സംഘടനയില്‍ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ആപ്പ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യം പരിശോധിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിര്‍മിച്ചതെന്നും അന്വേഷിക്കും. 5 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിനു പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചെന്ന് ദേശീയ നേതൃത്വത്തിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.