ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ; നീക്കം ഇസ്രയേൽ കപ്പലെന്ന് സംശയിച്ച്

Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ചെങ്കടലില്‍ വച്ച് യെമനിലെ, ഇറാന്റെ പിന്തുണയുള്ള, ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്. തുർക്കിയിൽനിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഇസ്രയേല്‍ കപ്പലാണെന്ന് സംശയിച്ചാണു തട്ടിയെടുത്തത്. ഇതിൽ 52 ജീവനക്കാരുള്ളതായാണ് സംശയം. ഇസ്രയേൽ പതാകയുള്ളതും ഇസ്രയേൽ കമ്പനികളുടെയും കപ്പൽ തട്ടിയെടുക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണു സംഭവം.
ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് രംഗത്തെത്തി. ‘‘കപ്പൽ തട്ടിയെടുത്ത സംഭവം ആഗോള കപ്പൽനീക്കത്തെ ഭീഷണിയിലാക്കുന്നതാണ്. ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തിട്ടുള്ളത്. ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നത്. ഈ കപ്പലിൽ ഇസ്രയേൽ പൗരന്മാരാരുമില്ല’’– നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു.
ഇസ്രയേലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണമെന്നു ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ഹമാസിനെതിരെയുള്ള ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേലിനെതിരെ ഹൂതി വിമതർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ആദ്യമായാണ് ആഗോളഭീഷണിയാകുന്ന തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഇവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം ഇറാന്റെ പരിശീലനം ലഭിച്ചതായി റിപ്പോർട്ടുണ്ട്.