‘അദാനി ജി കീ ജയ്’: പ്രധാനമന്ത്രി 24 മണിക്കൂറും പ്രവർത്തിക്കുന്നത് അദാനിക്കുവേണ്ടിയെന്ന് രാഹുൽ

Mail This Article
ജയ്‌പുർ ∙ വ്യവസായി ഗൗതം അദാനിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഭാരത് മാതാ കീ ജയ്’ എന്നതിന് പകരം ‘അദാനി ജി കീ ജയ്’ എന്ന് പ്രധാനമന്ത്രി പറയണമെന്നും കാരണം അദ്ദേഹം അദാനിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ബുണ്ടിയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ദരിദ്രരും കർഷകരും തൊഴിലാളികളും ‘ഭാരത് മാതാ’ ആണെന്നും ഈ വിഭാഗങ്ങളുടെ പങ്കാളിത്തം രാജ്യത്ത് ഉറപ്പാക്കപ്പെടുമ്പോൾ ഭാരത് മാതായുടെ ജയം ആകുമെന്നും രാഹുൽ പറഞ്ഞു. രണ്ടു ‘ഹിന്ദുസ്ഥാന്‍’ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഒന്ന് അദാനിക്കും മറ്റൊന്ന് പാവപ്പെട്ടവർക്കും വേണ്ടി. മോദി ജാതി സെൻസസ് നടത്തില്ലെന്നും തനിക്കും കോൺഗ്രസ് പാർട്ടിക്കും അതു നടത്താൻ കഴിയുമെന്നും രാഹുൽ അവകാശപ്പെട്ടു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) ആദായനികുതി വകുപ്പിനെയും ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ഇത് മനസ്സിലാക്കുമെന്നും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രണാമം അർപ്പിച്ച ശേഷം പിസിസി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗെലോട്ട്. സംസ്ഥാനത്ത് നവംബർ 25ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ഡിസംബർ 3ന് ഫലപ്രഖ്യാപനവും നടക്കും.