ജനം കല്ലെറിഞ്ഞുകൊന്ന ചെസസ്ക്യൂവിന്റെ അവസ്ഥ പിണറായിക്ക് ഉണ്ടാകരുതെന്ന് പ്രാർഥിക്കൂ: ശോഭ സുരേന്ദ്രൻ

Mail This Article
കോഴിക്കോട്∙ പ്രജകളെ മറന്ന് സുഖലോലുപനായി രാജ്യം ഭരിച്ച റുമേനിയൻ ഭരണാധികാരി ചെസസ്ക്യൂവിനെ ജനങ്ങൾ കല്ലെറിഞ്ഞു കൊന്നുകളഞ്ഞ അവസ്ഥ പിണറായി വിജയനുണ്ടാകരുതെന്ന് മാർക്‌സിസ്റ്റുകാരെങ്കിലും പ്രാർഥിക്കുന്നത് നന്നായിരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്ത് രണ്ടായിരം കേന്ദ്രങ്ങങ്ങളിൽ എൻഡിഎ സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി ചെലവൂരിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ സുരേന്ദ്രൻ.
നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വൻതോതിൽ വില കൂട്ടി ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഒന്നരക്കോടിയുടെ ആഡംബര വാഹനത്തിൽ നാടുചുറ്റാനിറങ്ങിയിരിക്കുന്നത്. പിണറായി വിജയനും മന്ത്രിമാരും സെക്രട്ടേറിയറ്റിലില്ലെങ്കിലും സംസ്ഥാനത്ത് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇപ്പോൾ തെളിയിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ചെലവൂർ ഏരിയാ പ്രസിഡന്റ് ശശിധരൻ മാലായിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗം ടി.പി.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മണ്ഡലം പ്രഭാരി ടി.എ. നാരായണൻ, എൻഡിഎ നേതാക്കളായ സന്തോഷ് കാളിയത്ത്, ഷെറീന ഷെറിൻ, സുധീന്ദ്രനാഥ് മീഞ്ചന്ത, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ, കെ. ജോസുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.