വിമാനത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി: ഖലിസ്ഥാൻ ഭീകരൻ പന്നുവിനെതിരെ എൻഐഎ കേസ്
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾക്കെതിരെ ഭീഷണി വിഡിയോകൾ പുറത്തിറക്കിയ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‍വന്ത് സിങ് പന്നുവിനെതിരെ കേസെടുത്ത് എൻഐഎ. നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്തതിനാണു കേസ്. ഐപിസിയിലെ വിവിധ വകുപ്പുകളും യുഎപിഎയും ചുമത്തിയതായി എൻഐഎ അറിയിച്ചു.
നവംബർ 4ന് പുറത്തിറക്കിയ വിഡിയോയിലാണ് പന്നുവിന്റെ ഭീഷണിയുണ്ടായിരുന്നത്. സിഖുകാർ എയർ ഇന്ത്യ വിമാനങ്ങളിൽ സഞ്ചരിക്കരുതെന്നും നവംബർ 19ന് ശേഷം അവരുടെ ജീവിതം ഭീഷണിയിലാണെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. 2019 മുതൽ നോട്ടപ്പുള്ളിയാണെങ്കിലും പന്നുവിനെതിരെ എൻഐഎ ഇത്തരത്തിൽ കേസെടുക്കുന്നത് ആദ്യമാണ്. സെപ്റ്റംബറിൽ പഞ്ചാബിലും ചണ്ഡിഗഡിലുമുള്ള ഇയാളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു.
ഖലിസ്ഥാൻ ഭീകരവാദത്തിന്റെ സൈബർ മുഖമായാണു പന്നു അറിയപ്പെടുന്നത്. ഇരുപതിലേറെ ക്രിമിനൽ കേസുകൾ എൺപതുകാരനായ പന്നുവിനെതിരെയുണ്ട്. ഇയാൾ ജൂലൈയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കി ഏതാനും ദിവസങ്ങൾക്കകം പന്നുവിന്റെ പുതിയ വിഡിയോ പ്രത്യക്ഷപ്പെട്ടു.
ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് അന്നു പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുടെ ഉത്തരവാദിത്തവും ഇയാൾ ഏറ്റെടുത്തിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ്.ജയശങ്കർ എന്നിവരുടെ വിദേശയാത്രകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുഘട്ടത്തിൽ 1.25 ലക്ഷം ഡോളർ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു. പന്നുവിനെതിരെ ‘റെഡ് കോർണർ’ നോട്ടിസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ ആവശ്യം കഴിഞ്ഞവർഷം ഇന്റർപോൾ തള്ളി. അഭിഭാഷകൻ കൂടിയായ പന്നു ന്യൂയോർക്കിൽ ‘പന്നു ലോ ഫേം’ എന്ന നിയമസ്ഥാപനം നടത്തുന്നുണ്ട്.