കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച് സ്വൈര്യസഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട: കെ.സുധാകരന്‍

Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് – കെഎസ്‌യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സ്വൈര്യസഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെ കല്യാശ്ശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും സുധാകരൻ പറഞ്ഞു.
‘‘മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? അധികാരത്തിന്റെ ബലത്തില്‍ ചോര തിളയ്ക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക്, അതു തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം? അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കി യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണു ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും.’’ – സുധാകരൻ പറഞ്ഞു.
സിപിഎം ബോധപൂർവം ആസൂത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഡംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. വലിയ തോതിലുള്ള പൊലീസ് സുരക്ഷയെ മറികടന്നായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. വൊളന്റിയർമാരായി നിന്നിരുന്നവരുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാരെ മർദിക്കുന്ന വിഡിയോ പുറത്തുവന്നു. തലയ്ക്കു പരുക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.