ADVERTISEMENT

ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽനിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വയനാട് ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിർത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

‘‘മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യമൊന്നും മുസ്‌ലിം ലീഗിനില്ല. മുന്നണി മാറണമെങ്കിൽ തുറന്നു പറയൂ. കാര്യകാരണ സഹിതം തുറന്നു പറയൂ. ഇപ്പോൾ അതിന്റെ സാഹചര്യം തന്നെ ഇവിടെ നിലനിൽക്കുന്നില്ല. മുന്നണി ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളത്. മുന്നണി മാറാനുള്ള കാര്യകാരണങ്ങളായി ചിലർ പറയുന്നതിന്റെ ആയിരമിരട്ടി കാര്യകാരണങ്ങൾ മുന്നണി ഉറപ്പിക്കുവാൻ ഉണ്ട്. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ മുന്നോട്ടു പോകണം. വേറെ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്തു വച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ല’’– അദ്ദേഹം പറഞ്ഞു.

മുന്നണി മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നെടുംതൂണായി മുന്നണിയിലുണ്ടാകും. സംസ്ഥാന സർക്കാരിനെ മാറ്റാൻ മുന്നിലുണ്ടാകും. ലീഗ് വിശ്വാസവഞ്ചന കാണിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങൾ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

മുസ്‌ലിം ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നതായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മുസ്‍‌ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദേശം ചെയ്തിനും നവകേരള സദസ്സിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഭാത ചർച്ചയിൽ മുസ്‍ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ചെങ്കള പഞ്ചായത്തിലെ വാർഡ് പ്രസിഡന്റും വ്യവസായിയുമായ എൻ.എ.അബൂബക്കർ പങ്കെടുത്തിനും പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

English Summary:

Muslim League says there will be no change in the alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com