‘ഓട്ടോ വിളിച്ചു പോകൂ..’: അപകടത്തിൽപ്പെട്ട യുവാക്കളെ തിരിഞ്ഞുനോക്കാതെ പൊലീസ്, സിസിടിവി ദൃശ്യം പുറത്ത്

Mail This Article
കട്ടപ്പന ∙ അപകടത്തിൽ പരുക്കേറ്റു വഴിയിൽ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാതെ പൊലീസ്. പിക്കപ് ജീപ്പുമായി കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റു റോഡിൽ വീണുകിടന്ന ബൈക്ക് യാത്രികരായ കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു (21), നത്തുകല്ല് എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവർക്കു നേരെയാണ് പൊലീസിന്റെ ക്രൂര നടപടി. ആശുപത്രിയിൽ എത്തിക്കാൻ സഹായം ചോദിച്ചപ്പോൾ ‘ജീപ്പിൽ കയറ്റാൻ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ..’ എന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് പൊലീസുകാർക്കു നേരെ ഉയരുന്നത്.
ബൈക്കിൽ ടൗണിലേക്കു വരികയായിരുന്നു യുവാക്കളെ എതിരെ ദിശമാറിയെത്തിയ പിക്കപ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതിനിടെ പൊലീസ് ജീപ്പെത്തി. പരുക്കേറ്റ യുവാക്കളിൽ ഒരാളെ എടുത്തുകൊണ്ടു നാട്ടുകാർ ജീപ്പിനടുത്തേക്കു ചെന്നെങ്കിലും അതിൽ കയറ്റാൻ ഉദ്യോഗസ്ഥർ തയാറായില്ല. പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചശേഷം ഉദ്യോഗസ്ഥർ പോയെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
പരുക്കേറ്റ ജൂബിന്റെ കാൽ മൂന്നിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൈക്കും ഒടിവുണ്ട്. അഖിലിന്റെ തലയ്ക്കു പരുക്കും കാലിനും കൈയ്ക്കും ഒടിവുമുണ്ട്. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണു അപകട സമയം സ്ഥലത്തെത്തിയശേഷം മടങ്ങിയതെന്നാണു വിവരം. പ്രതിയെ പീരുമേട് സബ് ജയിലിലാക്കിയശേഷം മടങ്ങി വരികയായിരുന്നു പൊലീസ് സംഘം. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.