തൃഷയ്ക്കെതിരായ പരാമർശം: മൻസൂർ അലിഖാനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്

Mail This Article
ചെന്നൈ∙ നടി തൃഷയ്ക്കെതിരെ നടത്തിയ ലൈംഗിക പരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിതാ കമ്മിഷൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഡിജിപി ശങ്കർ ജിവാലിന്റെ ഉത്തരവിനെത്തുടർന്നാണ് കേസെടുത്തത്.
അടുത്തിടെ, ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ലോകേഷ് കനകരാജിന്റെ ലിയോ ചിത്രത്തിൽ തൃഷയും മൻസൂറും വേഷമിട്ടിരുന്നു. ചിത്രത്തിൽ തൃഷ മൻസൂറിനൊപ്പം സ്‌ക്രീൻ പങ്കിട്ടിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു മൻസൂറിന്റെ പരാമർശം. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം.
മൻസൂർ അലി ഖാനെതിരെ നടിയും രംഗത്തെത്തിയിരുന്നു. ‘‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയിൽപെട്ടു. ശക്തമായി അപലപിക്കുന്നു. മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഇനിയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു’’– അവർ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു.
തൃഷയ്ക്കു പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുഷ്ബൂ, ലിയോ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്, ഗായിക ചിന്മയി തുടങ്ങിയവർ മൻസൂർ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു.