രാജസ്ഥാനിൽ ജാതി സെൻസസ് നടത്തും; പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

Mail This Article
ജയ്പുർ∙ ജാതി സെൻസസ് നടത്തുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനവുമായി രാജസ്ഥാനിൽ കോൺഗ്രസ് പ്രകടനപത്രിക. ‘ജൻ ഗോഷ്ണ പത്ര’ എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജിന്ദർ സിങ് രൺധാവ, മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോടസര, സി.പി.ജോഷി, സച്ചിൻ പൈലറ്റ് എന്നിവർ ചേർന്നാണ് പാർട്ടി ഓഫിസിൽ പ്രകടന പത്രിക പുറത്തിറക്കിയത്.
നേരത്തെ തന്നെ ഏഴ് വാഗ്ദാനങ്ങൾ അശോക് ഗെലോട്ട് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ ജാതി സെൻസസ് നടത്തുമെന്നും പഞ്ചായത്തിൽ നിയമനങ്ങൾ നടത്തുന്നതിന് പുതിയ രീതി നടപ്പാക്കുമെന്നുമാണ് പ്രകടന പത്രികയിലെ പ്രഖ്യാപനം.
കുടുംബനാഥയ്ക്ക് 10,000 രൂപ വാർഷിക ഓണറേറിയം, 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങൾക്ക് എൽപിജി സിലിണ്ടറുകൾ, കന്നുകാലികളെ വളർത്തുന്നവരിൽ നിന്ന് കിലോയ്ക്ക് 2 രൂപയ്ക്ക് ചാണകം വാങ്ങൽ, സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിർമാണം, സർക്കാർ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം നികത്താൻ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ, വിദ്യാർഥികൾക്ക് സ്കൂൾ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉറപ്പാക്കൽ എന്നിവയായിരുന്നു നേരത്തെ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ. ബിജെപി നേരത്തെ തന്നെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. നവംബർ 25നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. ഡിസംബർ മുപ്പതിന് വോട്ടെണ്ണും.