യൂത്ത് കോണ്‍ഗ്രസുകാർക്ക് ക്രൂരമർദനം: 14 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ‘അടിക്കാൻ ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി’

Mail This Article
കണ്ണൂര്‍ ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ മര്‍ദിച്ച സംഭവത്തിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കരിങ്കൊടി പ്രതിഷേധക്കാരെ മർദിച്ചതിനു 14 പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരായ 6 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സ് പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുക്കുകയും ചെയ്തു. സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് സുധീഷ് വെള്ളച്ചാൽ ഉൾപ്പെടെയുള്ളവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിയെത്തി ഹെൽമറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതും ആയി ബന്ധപ്പെട്ടു യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ് വെള്ളച്ചാൽ, മഹിത, രാഹുൽ പി പി, മിഥുൻ തുടങ്ങിയവർ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.അക്രമ സംഭവവുമായി ബന്ധപ്പെട്ട്ഡിവൈഎഫ്ഐ പ്രവർത്തകരായ റമീസ്, അനുവിന്ദ്,ജിതിൻ, വിഷ്ണു, സതീഷ് അമൽ ബാബു, സജിത്ത്, അതുൽകണ്ണൻ, ഷമീർ അഹമ്മദ്, അർജുൻ, അർഷിദ്, സിബി ഹരിത്ത് തുടങ്ങിയ 14 പേർക്കെതിരെയും കേസെടുത്തു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയില്‍ നവകേരള സദസ്സ് തുടരുന്നതിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ, ധർമടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.