ADVERTISEMENT

കണ്ണൂർ∙ പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘‘ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തിൽ എടുക്കേണ്ട.’’– മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടി മാതൃകാപരമാണെന്നും ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ നായനാർ അക്കാദമിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. മന്ത്രിമാരായ ആന്റണി രാജു, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, കെ.രാജൻ എന്നിവർ സമീപം. ചിത്രx : ധനേഷ് അശോകൻ∙മനോരമ
നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ നായനാർ അക്കാദമിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. മന്ത്രിമാരായ ആന്റണി രാജു, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, കെ.രാജൻ എന്നിവർ സമീപം. ചിത്രം: ധനേഷ് അശോകൻ∙മനോരമ

‘‘ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്‌. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും.’’– മുഖ്യമന്ത്രി ചോദിച്ചു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ പഴയങ്ങാടി കെഎസ്ഇബി ഓഫിസിനു സമീപം 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചവരാണ് ആക്രമണത്തിന് ഇരയായത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിയെത്തി ഇവരെ പിടിച്ചുമാറ്റി മർദിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല അടിച്ചുപൊട്ടിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്.

∙ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്:

നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നൽകുന്നതാണ്.

നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്, ഇത്തരം പ്രകടനകൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല എന്നതാണ് കാണേണ്ടത്. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തിൽ അഭ്യർഥിക്കാനുള്ളത്. ഇത് ജനങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും എൽഡിഎഫ് സർക്കാരിനെ സ്നേഹിക്കുന്ന എൽഡിഎഫിന് ഒപ്പം നിൽക്കുന്ന എല്ലാവരും ശ്രദ്ധിക്കണം എന്ന് അഭ്യർഥിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട ചിലരിൽ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് ‘അശ്ലീല നാടകമാണ്’ എന്ന് ആക്ഷേപിച്ചതും കെട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ അതിനെ തടയാൻ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

എല്ലാ ഭേദങ്ങൾക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം. അതിന്റെ മനോഹരമായ ആവിഷ്കാരമാണ് നവകേരള സദസ്സുകൾ എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.

കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവർത്തകരുടെയും വിവിധ മേഖലകളിലെ പ്രഫഷനലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുൻപ് ചേരുന്ന പ്രഭാത യോഗത്തിൽ ഉണ്ടാകുന്നത്. ഓരോരുത്തർക്കും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നിൽ ജനാധിപത്യത്തിന്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയർത്തുകയാണ്. ഇന്നും നാളെയും കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലാണ് സദസ്സുകൾ ചേരുന്നത്. നാളെ തലശ്ശേരിയിൽ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.

English Summary:

CM Pinaryai Vijayan on DYFI Attack Against Youth Congress Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com