‘യൂത്ത് കോൺഗ്രസ് ആത്മഹത്യാ സ്ക്വാഡായി; കല്ലും വടിയുമായി വരുമ്പോൾ കണ്ടുനിൽക്കാൻ കഴിയില്ല’

Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി സിപിഎം നേതാക്കൾ. ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തിച്ചതെന്നും അതിനെ അപലപിക്കേണ്ട ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘ആസൂത്രിതമായ ആക്രമണമാണു കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു കയ്യേറ്റത്തിനും സിപിഎം തയാറല്ല. ഇത് പരിപാടിയുടെ ശ്രദ്ധ മാറ്റാൻ കോൺഗ്രസ് ഗൂഢാലോചന ചെയ്ത ആക്രമണമാണ്. ഒരു തരത്തിലുള്ള അക്രമവും ഞങ്ങൾ അനുവദിക്കില്ല. ഇനി അക്രമം ഉണ്ടാവാനും പാടില്ല’’– ഗോവിന്ദൻ വ്യക്തമാക്കി.
നവകേരള സദസ്സിനു നേരെ ഉണ്ടായത് ഭീകര പ്രവര്‍ത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ‘‘നടന്നത് പ്രതിഷേധമല്ല ഭീകരപ്രവർത്തനമാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്തലാണുണ്ടായത്. ഇതു ജനാധിപത്യ പ്രതിഷേധമല്ല. അക്രമ സ്വഭാവമാണ് യുഡിഎഫ് കാണിക്കുന്നത്. കല്ലും വടിയുമായി വരുമ്പോൾ ഗാന്ധിയൻ മനസ്സോടെ കണ്ട് നിൽക്കാൻ കഴിയില്ല.’’- ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു.
ചാവേർ കൊലയാളി സംഘമാണു പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാൻ എത്തിയതെന്നും സിപിഎം നേതാവ് എം.വി.ജയരാജൻ ആരോപിച്ചു. ‘‘പായസത്തിൽ വിഷം ചേർക്കുന്നവരാണ് കോൺഗ്രസുകാർ. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണു വേണ്ടത്. സംഘാടകർ പ്രകോപനത്തിൽ വീണുപോകരുത്. ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട് അടിക്കേണ്ട എന്നാണ് നിലപാട്’’– അദ്ദേഹം വ്യക്തമാക്കി.