സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് സർവകലാശാലകളുടെ ചാൻസലറാകാം: എം.കെ.സ്റ്റാലിൻ
Mail This Article
ചെന്നൈ∙ സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർക്ക് സർവകലാശാലകളുടെ ചാൻസലർ ചുമതല വഹിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചാൻസലർ സ്ഥാനം മറ്റൊരാളുടെ കൈയിലാണെങ്കിൽ സർവകലാശാലകളുടെ ലക്ഷ്യം തകരുമെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് ഡോക്ടർ ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുഖ്യമന്ത്രിയെ, തമിഴ്‌നാട് ഡോക്ടർ ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് യൂണിവേഴ്‌സിറ്റിയുടെ ചാൻസലറാക്കിയ മുൻ മുഖ്യമന്ത്രി ജയലളിതയുടെ തീരുമാനത്തെയും സ്റ്റാലിൻ അഭിനന്ദിച്ചു.
‘‘ഇന്ത്യയിൽ സംഗീതത്തിനായി പ്രത്യേകം രൂപീകരിച്ച ഒരേയൊരു യൂണിവേഴ്‌സിറ്റിയാണിത്. പൂർണമായും സംസ്ഥാന ഫണ്ടിൽനിന്നാണ് ഈ യൂണിവേഴ്‌സിറ്റിക്ക് ഫണ്ട് നൽകുന്നത്. അതിലുപരി, ഈ യൂണിവേഴ്‌സിറ്റിയിൽ ഭരണകക്ഷിയായ മുഖ്യമന്ത്രിക്ക് ചാൻസലറാകാനുള്ള അവകാശമുണ്ട്. ഞാൻ രാഷ്ട്രീയം പറയുന്നതല്ല, യാഥാർഥ്യം വിശദീകരിക്കുകയാണ്.
ഇതുപോലെ, മുഖ്യമന്ത്രി എല്ലാ സർവകലാശാലകളുടെയും ചാൻസലറായാലേ സർവകലാശാലകൾ വികസിക്കൂ. ചാൻസലർ പദവി മറ്റൊരാളുടെ കൈയിലാണെങ്കിൽ സർവകലാശാലകളുടെ ലക്ഷ്യം തകരും. ഇതു മനസ്സിലാക്കിയാണ് 2013ൽ മുൻ മുഖ്യമന്ത്രി ജയലളിത ഈ സർവകലാശാലയുടെ ചാൻസലർ സംസ്ഥാന മുഖ്യമന്ത്രി മാത്രമായിരിക്കുമെന്ന് തീരുമാനിച്ചത്. ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കാം’’– സ്റ്റാലിൻ പറഞ്ഞു.
ഗവർണർ ആർ.എൻ.രവിയും സംസ്ഥാന സർക്കാരും തമ്മിലുള്ള സംഘർഷത്തിനിടെയാണ് സ്റ്റാലിന്റെ പ്രസ്താവന. ഭാരതിയാർ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് ടീച്ചേഴ്‌സ് എജ്യുക്കേഷൻ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ വൈസ് ചാൻസലർമാരുടെ നിയമനത്തിനായി സെർച്ച് കമ്മിറ്റികൾ രൂപീകരിക്കുന്നതിലും പുനഃസംഘടിപ്പിക്കുന്നതിലും നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ.രവിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ നടപടി സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമായെന്നാണ് സർക്കാരിന്റെ വാദം.