ADVERTISEMENT

ബെംഗളൂരു∙ ബിജെപി സഖ്യത്തിൽ നിന്നു പിൻമാറിയില്ലെങ്കിൽ ജനതാദൾ (എസ്) ദേശീയ പ്രസിഡന്റ് പദവിയിൽ ദേവെഗൗഡയുടെ ഭാവി, സമാന്തര ദേശീയ കൗൺസിൽ തീരുമാനിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം അവകാശപ്പെട്ടു. അടുത്തമാസം 9ന് ബെംഗളൂരുവിൽ ചേരുന്ന കൗൺസിലിനു മുന്നോടിയായി സഖ്യം പുനഃപരിശോധിക്കണമെന്ന് ഒരിക്കൽക്കൂടി ഗൗഡയോട് ആവശ്യപ്പെടും. സഖ്യം തുടരാനാണ് തീരുമാനമെങ്കിൽ ദേവെഗൗഡയെ പുറത്താക്കാനാണ് നീക്കം. 

പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ.നാണുവും ഇബ്രാഹിമിന്റെ അഭിപ്രായമാണു പങ്കുവയ്ക്കുന്നത്. സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തേടി ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ സന്ദർശിച്ച ഇബ്രാഹിമിനൊപ്പം ദേശീയ നിർവാഹക സമിതി അംഗം നീലലോഹിത ദാസും ഉണ്ടായിരുന്നു. പാർട്ടി ചട്ടങ്ങളും കീഴ്​വഴക്കങ്ങളും പാലിച്ചല്ല തന്നെ പുറത്താക്കിയതെന്നു പറഞ്ഞ ഇബ്രാഹിം, സാങ്കേതികമായി താൻ തന്നെയാണ് കർണാടക ഘടകം അധ്യക്ഷനെന്നും അവകാശപ്പെട്ടു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കോടതിയെയും തിരഞ്ഞെടുപ്പു കമ്മിഷനെയും സമീപിക്കുമെന്നും പറഞ്ഞു.

ബിജെപി അധ്യക്ഷ സ്ഥാനം: അതൃപ്തരെ അനുനയിപ്പിക്കാൻ ഊർജിത നീക്കവുമായി വിജയേന്ദ്ര

ബിജെപി സംസ്ഥാന അധ്യക്ഷ, പ്രതിപക്ഷ നേതൃ സ്ഥാനങ്ങളുടെ പേരിൽ പാർട്ടിക്കുള്ളിൽ ഭിന്ന സ്വരങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ, അതൃപ്തരെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ഊർജിത ശ്രമം നടത്തുന്നു. കർണാടക നിയമസഭാ ശീതകാല സമ്മേളനം ഡിസംബർ 4ന് ബെളഗാവിയിൽ ആരംഭിക്കാനിരിക്കെ, ഇതിനു മുന്നോടിയായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കേണ്ടതുണ്ട്. 

വടക്കൻ കർണാടകയിൽ നിന്നുള്ള നേതാവിനെ ഇരു സ്ഥാനങ്ങളിലേക്കും പരിഗണിക്കാത്തതിനെ തുടർന്ന് എംഎൽഎമാരായ ബസനഗൗഡ പാട്ടീലും രമേഷ് ജാർക്കിഹോളിയും കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. 17ന് പ്രതിപക്ഷ നേതാവായി ആർ.അശോകയെ തിരഞ്ഞെടുക്കാനായി ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ഇവർ കേന്ദ്ര നിരീക്ഷകരായ കേന്ദ്ര മന്ത്രി നിർമല സീതരാമനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതത്തിനും മുന്നിൽ അതൃപ്തി പ്രകടിപ്പിച്ചു. ഇവരെ നേരിൽ കണ്ട് അനുനയിപ്പിക്കുമെന്നും സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക് എല്ലാവരെയും ഒരു കുടക്കീഴിൽ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു.

English Summary:

BJP Alliance: Move to oust HD Deve Gowda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com